തിരുവനന്തപുരം: മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി മുഖാന്തരം അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്ക് പുറമേ കിഫ്ബി മുഖേന തന്നെ 110 കോടി രൂപയ്ക്കുള്ള കരട് പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്(People-wild animal Tension).
ദീര്‍ഘ - ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശിയ ദേശിയ വിദഗ്‌ദ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുന്നതിനുള്ള പ്രപ്പോസല്‍ ഒരാഴ്‌ചയ്ക്കകം ലഭ്യമാക്കുമെന്നും ഏപ്രിലില്‍ അന്താരാഷ്ട്ര വിദഗ്‌ദ്ധരെ പങ്കെടുപ്പിച്ച് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി(Cabinet).
വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. ഉദ്യോഗസ്ഥരെ നിയോഗിച്ചു. 36 വനം ഡിവിഷനുകളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. വന്യ ജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് സര്‍ക്കിള്‍/ഡിവിഷന്‍ തലത്തില്‍ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പഞ്ചായത്ത് തലത്തില്‍ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ആര്‍ആര്‍ടികളിലും മനുഷ്യ - വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലുമായി 900ത്തോളം താല്‍ക്കാലിക വാച്ചര്‍മാരുടെ സേവനം ആവശ്യാനുസരണം വിനിയോഗിച്ച് വരുന്നുണ്ട്(KIIFB Projects).
വയനാട് മേഖലയിലെ 66 തോട്ടങ്ങളില്‍ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടിക്കാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണ്. മൂന്നാര്‍ മേഖലയിലെ തോട്ടം ഉടമ/ മാനേജര്‍മാരുടെ യോഗം വനം, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തി. നിലവില്‍ ലഭ്യമായ ജീവനക്കാരെ പുനര്‍വിന്യസിച്ച് 28 ആര്‍ആര്‍ടികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 64 പമ്പ് ആക്ഷന്‍ തോക്കുകള്‍, രണ്ട് ട്രാങ്കുലൈസര്‍ തോക്കുകള്‍, നാല് ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിന് നടപടിയായിട്ടുണ്ട്.