കോഴിക്കോട്:കെ-റെയിൽ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കി കെ-റെയിൽ വിരുദ്ധ സമിതി. കഴിഞ്ഞ നാല് വർഷമായി കെ റെയിലിനെതിരെ പ്രവർത്തിക്കുന്ന സമര സമിതി വീണ്ടും മുദ്രാവാക്യങ്ങളുയർത്തി കാട്ടില പീടികയിലെ സമര പന്തലിൽ ഒത്തുചേർന്നു. നവംബർ 13ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താൻ തീരുമാനിച്ചു. പ്രതിരോധ സംഗമം ഡോ.എംപി മത്തായി ഉദ്ഘാടനം ചെയ്യും.
സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട അനിശ്ചിതകാല സത്യഗ്രഹ സമരം കാട്ടില പീടികയിൽ ആരംഭിച്ചിട്ട് ഒക്ടോബർ 2ന് നാലുവർഷം തികഞ്ഞിരുന്നു. കെ-റെയിലിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനെ കണ്ട് കെ-റെയിൽ വിരുദ്ധ സമര സമിതി നിവേദനം നൽകിയിരുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിടെയിലാണ് സത്യഗ്രഹ കമ്മിറ്റി കൺവീനർ നസീർ നുജല്ല നിവേദനം നൽകിയത്. കെ റെയിൽ കേരളം ആവശ്യപ്പെടുകല്ലേ എന്നായിരുന്നു മന്ത്രിയുടെ ചോദ്യമെന്ന് നസീർ പറഞ്ഞു. എന്നാൽ കേരളം ഇത് ആവശ്യപ്പെടുന്നില്ലെന്നും കേരള സർക്കാർ മാത്രമാണ് ഇതിന്‍റെ പിന്നില്ലെന്നും സമര സമിതി അറിയിച്ചു. ഇതിന് പിന്നിൽ വികസനമല്ല ലക്ഷ്യം. സാമ്പത്തികവും രാഷ്ട്രീയ വ്യാമോഹവുമാണ്.
''ഇന്ത്യൻ റയിൽവേയുടെ വികസനത്തെ കെ റെയിൽ പദ്ധതി തകിടം മറിക്കും. പാരിസ്ഥിതിക വിഷയങ്ങൾ അതി സങ്കീർണമാകും. പദ്ധതിയുമായി സർക്കാർ ഒരു സ്റ്റെപ്പ് മുന്നോട്ട് പോയാൽ സമരവുമായി മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോകുമെന്നും നസീർ പറഞ്ഞു. 'കെ-റെയിൽ വരും കേട്ടോ' എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സർക്കാരും മുട്ടുമടക്കിയത് സംസ്ഥാനമാകെ ഉയർന്ന പ്രതിഷേധത്തിന് മുന്നിലായിരുന്നു.