കണ്ണൂര്‍: മഴയുടെ ഒളിച്ചുകളി കൊട്ടിയൂര്‍ മേഖലയിലെ ജനങ്ങളില്‍ ഭീതി സൃഷ്‌ടിക്കുന്നു. 2018 ആഗസ്‌ത് മാസം കൊട്ടിയൂര്‍ വനത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ ഇന്നും അവര്‍ മറന്നിട്ടില്ല. ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്‌ടങ്ങളുടെ ദുരിതത്തില്‍ നിന്ന് കര്‍ഷക സമൂഹം ഇനിയും മോചിതരായിട്ടില്ല.
നെല്ലിയോടി മലയില്‍ അന്ന് ഉണ്ടായ വിളളലും അമ്പായത്തോട് മലയിലെ ഉരുള്‍പൊട്ടല്‍ ഭീഷണിയും മഴക്കാലത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. മൂവായിരത്തോളം അടി ഉയരത്തില്‍ നില കൊള്ളുന്ന അമ്പായത്തോട് മല വയനാട് ജില്ലക്ക് അതിരിടുന്ന വലിയ മലയാണ്. താളം തെറ്റിയ മഴയുടെ വരവുമൂലം അതിവര്‍ഷമുണ്ടാകുമോ എന്നതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ചോദ്യം. മേഘ വിസ്‌ഫോടനത്തിന് തുല്യമായ മഴ വന്ന് പതിക്കുമോ എന്ന പേടിയും ജനങ്ങളിലുണ്ട്. ബാവലിപ്പുഴയില്‍ ഇപ്പോള്‍ പേരിന് മാത്രമേ വെളളമുള്ളൂ. വര്‍ഷകാലമാണെന്ന യാതൊരു സൂചനയും ഇപ്പോള്‍ പുഴയിലില്ല.
സാധാരണ നിലയില്‍ മഴക്കാലമായാല്‍ പശ്ചിമഘട്ടത്തിന് ചേര്‍ന്ന് നില്‍ക്കുന്ന കൊട്ടിയൂര്‍, കണിച്ചിയാര്‍, കേളകം പഞ്ചായത്തുകളില്‍ വെള്ളം നിറഞ്ഞ് പരസ്‌പരം ബന്ധപ്പെടാത്ത അവസ്ഥയിലാകും. എന്നാല്‍ ഇപ്പോള്‍ ചീങ്കണ്ണിപ്പുഴയും ബാവലിപ്പുഴയും സംഗമിക്കുന്ന ഇടത്തും വെള്ളം പേരിനു മാത്രമേയുള്ളൂ. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ ഇരു കരകളും വേര്‍പ്പെട്ടു പോയിരുന്നു. പൂളക്കുറ്റിയിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നു. അറുപത് കുടുംബങ്ങളില്‍ 250 പേര്‍ മറുകരയില്‍ ഒറ്റപ്പെട്ട് പോയതും ഓര്‍ക്കാനാവാത്ത ദുരന്തമാണ്.