തൃശൂർ:ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സുപ്രീകോടതി സ്‌റ്റേ ചെയ്‌തതിൽ പ്രതികരിച്ച് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി രാജേഷ്. പൂരം, വേല, പെരുന്നാൾ തുടങ്ങിയവ ആഘോഷിക്കുന്ന എല്ലാവർക്കും വലിയ ആശ്വാസമാണ് ഈ സുപ്രീംകോടതി വിധി. അല്ലെങ്കിൽ വേട്ടയാടി കേസെടുക്കുന്ന നിലപാടായിരുന്നു ഇവിടെയുള്ളവർ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി വിധി വന്നതോടെ അത് മാറിക്കിട്ടിയെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല സംഘാടകർക്ക് ഇനി സമാധാനമായി പരിപാടികൾ നടത്താമെന്ന് രാജേഷ് വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ മാർഗനിർദേശങ്ങൾ പാലിച്ചാണ് പൂരം നടത്തിയിരുന്നത്. ഇനിയും അതുതന്നെ തുടരുമെന്ന് രാജേഷ് കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറ ഉത്സവം, ഗുരുവായൂർ ഏകാദശി എന്നിവ വളരെയധികം സങ്കടത്തോടെയാണ് ഭക്തർ കണ്ടത്. തൃപ്പൂണിത്തുറ ഉത്സവം അലങ്കോലപ്പെടുത്തിയതും ഗുരുവായൂർ ഏകാദശി അകമ്പടി ആനകൾ ഇല്ലാതെ നടത്തിയതും വളരെ അധികം വിഷമമുണ്ടാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നടത്തേണ്ടി വന്നത് വളരെ മോശമായി പോയി എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സർക്കാർ ഞങ്ങൾക്കനുകൂലമായ നിലപാടാണ് എടുത്തിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഈ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിലനിൽക്കുന്നതിനായി ഒരു ബില്ല് തന്നെ പാസാക്കണമെന്ന് രാജേഷ് പറഞ്ഞു. എൻജിഒമാർ ഓരോന്നിലും ഇടപെടാതിരിക്കാൻ കേന്ദ്ര സർക്കാർ തന്നെ ഒരു ബില്ല് ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നേരത്തെ എങ്ങനെയാണോ പൂരം നടന്നിരുന്നത് അതേ പ്രൗഢിയോടെ തന്നെ ഇനിയും പൂരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല സുപ്രീംകോടതിയുടെ നിലപാട് ആചാരാനുഷ്‌ഠാനങ്ങളിൽ ഇടപെടില്ല എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങൾ എങ്ങനെയായിരുന്നോ അത് അതുപോലെ തുടർന്നു പോകണം എന്ന നിലപാടാണ് സുപ്രീംകോടതി എപ്പോഴും സ്വകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തൃശൂർ പൂരം 228 കൊല്ലവും ആറാട്ടുപ്പുഴ 1443 കൊല്ലവുമായി നടത്തിവരുന്ന ആഘോഷങ്ങളാണ്. ഇത് രണ്ടും വളരെ പഴക്കമുള്ള പൂരങ്ങളാണ്. ഇവിടെ എവിടെയും ആനയോടി അപകടമുണ്ടായതായി ഇതുവരെ കേട്ടിട്ടില്ലെന്ന് രാജേഷ് പറഞ്ഞു. അതേസമയം ആനകളെ നന്നായി നോക്കണം എന്നറിയാം അതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.