കണ്ണൂർ:വലിയ യാത്ര ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കോടികൾ മുടക്കി ഒരുക്കിയ പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിന്റെയും രണ്ട് മേൽപ്പാലങ്ങളുടെയും ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. പതിയെ പോയാൽ നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താം, അല്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയാണ്.
120 കോടിയോളം രൂപ ചെലവഴിച്ച് 21 കിമീ ദൈർഘ്യമുള്ള റോഡിന് ഹൈടെക് എന്ന ഓമന പേരിട്ട് 2018ലാണ് തുറന്ന് കൊടുത്തത്. വർഷം ആറ് പിന്നിട്ടതെ ഉള്ളൂ, ആ റോഡിന്റെയും രണ്ട് മേൽപ്പാലങ്ങളുടെയും അപാകം ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ച് യാത്ര ദുസഹമാകുകയാണ്.
പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെയുള്ള റോഡ് പരിശോധിച്ചാൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണ് വാഹനയാത്രക്കാരെ കുഴക്കുന്നത്. പാപ്പിനിശ്ശേരി, പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻ കുളം, കൊട്ടപ്പാലം, ഇരിണാവ്, കണ്ണപുരം, കൊവ്വപ്പുറം, താവം തുടങ്ങിയ വിവിധ ഭാഗങ്ങളിലെ റോഡുകളിലെ കുഴികൾ എണ്ണിയാൽ തീരില്ല. പല സ്ഥലത്തും മീറ്ററുകളുടെ ദൂരത്തിൽ റോഡാകെ തകർന്ന അവസ്ഥയിലാണ്. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
അമിത വേഗത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഇവിടെ ദിനംപ്രതി കൂടി വരികയാണ്. ദേശീയപാത വികസന പ്രവൃത്തികൾക്കിടയിൽ ചരക്ക് ലോറികളും ദീർഘദൂര യാത്രക്കാരും പിലാത്തറ മുതൽ വളപട്ടണം ദേശീയപാത വരെ എത്തുന്നതിനായി കെഎസ്ടിപി റോഡിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ദേശീയപാത വഴി ഒഴിവാക്കിയാൽ ആറു കിലോമീറ്ററോളം ദൂരം കുറഞ്ഞ് കിട്ടുന്നതാണ് വാഹന യാത്രക്കാരെ കെഎസ്ടിപി റോഡിനെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.