യുവതി പുറത്തുവിട്ട വീഡിയോ (You Tube/ Etv Bharat) കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും വീഡിയോയുമായി പെൺകുട്ടി. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് സംഭവത്തിന് ശേഷം ഇറക്കിയ മൂന്നാമത്തെ വീഡിയോയിൽ പെൺകുട്ടി ആവർത്തിച്ച് പങ്കുവെച്ചത്. ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുവെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞു.
സംഭവത്തിനുശേഷം വീട്ടിൽ നിൽക്കാൻ സാധിച്ചിട്ടില്ല. സുരക്ഷിതയാണ് എന്ന് താൻ അമ്മയെ വിളിച്ച് അറിയിച്ചു. അച്ഛന്‍റെ പ്രതികരണം തന്നെ വിഷമിപ്പിച്ചുവെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞു. തനിക്ക് പരിക്കേറ്റിട്ടില്ലെന്നും പെൺകുട്ടി വീഡിയോയിലൂടെ വ്യക്തമാക്കി.
അതേസമയം, ഭര്‍ത്താവിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പെണ്‍കുട്ടി ജോലി ചെയ്‌തിരുന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. കൂടാതെ നിലവിൽ പെൺകുട്ടി സംസ്ഥാനം വിട്ടിട്ടുണ്ടെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കേസില്‍ നിലപാട് മാറ്റിയ യുവതി, ഭര്‍ത്താവ് രാഹുല്‍ പി ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.