കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കി. കേരള പൊലീസിൻ്റെ ആവശ്യപ്രകാരം ഇൻ്റർപോളാണ് നോട്ടിസ് പുറപ്പെടുവിച്ചത്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന സൂചനയെ തുടർന്നാണ് നോട്ടിസ് പുറപ്പെടുവിച്ചത്.
രാഹുലിന്‍റെ മൊബൈൽ സിഗ്നൽ കർണാടകയിൽ നിന്ന് അവസാനമായി ലഭിച്ചിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് കർണാടകയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ രാഹുലിന്‍റെ ബന്ധുക്കളിൽ നിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തും.
ഇന്നലെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ പൊലീസ് മടങ്ങുകയായിരുന്നു. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ. കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിയിൽ മർദിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ആദ്യം അന്വേഷണത്തിൽ അലംഭാവം കാണിച്ച പൊലീസ് നിലവിൽ രാഹുലിനെ പിടികൂടാനുള്ള നെട്ടോട്ടത്തിലാണ്.
Also Read: പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനം: എസ്‌എച്ച്‌ഒയ്‌ക്ക് സസ്‌പെന്‍ഷന്‍, നടപടി കേസെടുക്കുന്നതിലെ അലംഭാവത്തെ തുടര്‍ന്ന് - SHO Suspended In Pantheeramkavu