കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിയ്ക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും ഇരുവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറസ്‌റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കണം എന്നും കോടതി നിർദേശിച്ചു. കേസിൽ രാഹുലിന്‍റെ അമ്മ ഉഷ കുമാരിയേയും സഹോദരി കാർത്തികയേയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്‌ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടിസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. ഇരുവർക്കും വേണ്ടി അഡ്വ ഷമീം പാസാൻ കോടതിയിൽ ഹാജരായി. അതേസമയം, രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനായ ശരത്‍ ലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 31ലേക്ക് മാറ്റിയിട്ടുണ്ട്.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്ന തിയതി മാറ്റിയത്. പൊലീസ് റിപ്പോർട്ടിന് വേണ്ടിയാണ് ഹർജി മാറ്റിയത്. ശരത്‍ ലാൽ പ്രതി രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്ന് കേസിൽ പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകുകയും ചെയ്‌തിരുന്നു.
Read More : വിവാഹിതനെന്നത് മറച്ചുവച്ചു, രാഹുൽ നടത്തിയത് വിവാഹ തട്ടിപ്പ്, ഒത്തുതീർപ്പിനില്ല ; പന്തീരാങ്കാവ് കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി - Pantheeramkavu Domestic Violence