ഇടുക്കി : സംസ്ഥാനത്ത് വേനൽക്കാലത്തും ജലസമൃദ്ധമായി ഒഴുകുന്ന ഒരു പുഴയുണ്ട് ഇടുക്കിയിൽ, പന്നിയാർ പുഴ. ഹിമാലയന്‍ നദികളെ പോലെ വേനല്‍ കാലത്തും വര്‍ഷകാലത്തും കരകവിഞ്ഞ് ഒഴുകുന്ന ഈ പുഴ മലയോര ഗ്രാമങ്ങളുടെ ജീവനാഡി എന്നാണ് അറിയപ്പെടുന്നത്
വര്‍ഷകാലത്ത് മലനിരകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളപ്പാച്ചിലില്‍ കരകവിഞ്ഞ് ഒഴുകുന്ന പന്നിയാര്‍ പുഴ വേനല്‍ കാലത്തും ജലസമ്പന്നമാണ്. ഹിമാലയന്‍ നദികള്‍ വേനല്‍ കാലത്ത് മഞ്ഞുരുകിയാണ് സജീവമാകുന്നത്. എങ്കില്‍ മതികെട്ടാന്‍ ചോലയുടെ മടിത്തട്ടില്‍ നിന്നും ഉത്ഭവിക്കുന്ന പന്നിയാറിനെ സമ്പന്നമാക്കുന്നത് ആനയിറങ്കല്‍ ജലാശയമാണ്.
പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭഗമായി പൊന്മുടി അണക്കെട്ടിന്‍റെ സഹായ അണക്കെട്ടാണ് ആനയിറങ്കല്‍. കാലവര്‍ഷ മഴയില്‍ പന്നിയാറിലൂടെ ഒഴുകിയെത്തുന്ന വെള്ളം പൊന്മുടിയില്‍ സംഭരിക്കും. വേനല്‍ക്കാലത്തിന്‍റെ ആരംഭത്തോടെ പന്നിയാര്‍ പുഴയിലൂടെ പൊന്മുടിയിലേക്കുള്ള നീരൊഴുക്ക് കുറയും. ഈ സമയത്താണ് ആനയിറങ്കല്‍ ജലാശയത്തില്‍ തുലാവര്‍ഷ മഴയില്‍ സംഭരിച്ച വെള്ളം വൈദ്യുത ഉത്പാദനത്തിനായി പന്നിയാര്‍ പുഴയിലൂടെ പൊന്മുടിയില്‍ എത്തിക്കുന്നത്.
അങ്ങനെ വേനല്‍ക്കാലത്തും മഴക്കാലത്തും ജലസമൃദ്ധമാണ് പന്നിയാര്‍ പുഴ. വിവിധ ഭാഷകളെയും ആചാരങ്ങളെയും തൊട്ട് തഴുകി ഒഴുകുന്ന പന്നിയാര്‍ ശാന്തന്‍പാറ,സേനാപതി,രാജകുമാരി,രാജാക്കാട് പഞ്ചായത്തുകളുടെ ജീവനാഡിയെന്നാണ് അറിയപ്പെടുന്നത്.