നിറഞ്ഞൊഴുകുന്ന പാമ്പാറിന്‍റെ ഭംഗി ഇടുക്കി :വേനല്‍ച്ചൂട് കടുത്തു. ജലാശയങ്ങള്‍ വറ്റിവരണ്ടുകൊണ്ടിരിക്കുന്ന കാഴ്‌ചയാണ് എങ്ങും. എന്നാല്‍ ചുട്ടുപൊള്ളുന്ന ഈ വേനലിലും ജല സമൃദ്ധമാണ് പാമ്പാര്‍. ഉത്ഭവ സ്ഥാനം മുതല്‍ അമരാവതി അണക്കെട്ടില്‍ ചേരും വരെ ഇരുകരകളിലുമുള്ളവര്‍ക്ക് നനവേകിയാണ് കൊടും ചൂടിലും പാമ്പാര്‍ നിറഞ്ഞൊഴുകുന്നത്.
മനുഷ്യവാസമില്ലാത്ത ഇരവിമലയിലെ നീലത്തടാകത്തില്‍ നിന്നാണ് പാമ്പാറിന്‍റെ ഉത്ഭവം. ജില്ലയിലെ ഏറ്റവും ഭംഗിയുള്ള പുഴ കൂടിയാണിത്. കാടിനെയും തേയില തോട്ടങ്ങളെയും തഴുകി കടന്നുപോകുന്ന പുഴ തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നു. സമുദ്രനിരപ്പില്‍ നിന്നും 7300 അടി ഉയരത്തില്‍ ലക്കം വെള്ളച്ചാട്ടം വരെ പുഴ ഒഴുകിയെത്തുന്നത് കൊടും കാടിനുള്ളിലൂടെയാണ്.
തെളിഞ്ഞൊഴുകുന്ന പാമ്പാറിലെ വെള്ളത്തിന് നട്ടുച്ചനേരത്തും കുളിരാണ്. സംസ്ഥാനത്ത് കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് പാമ്പാര്‍. മലനിരകള്‍ തിങ്ങിയ തലയാര്‍ എട്ടാംമൈലില്‍ നിന്നാണ് പാമ്പാര്‍ ഒഴുകിയിറങ്ങുന്നത്. കാപ്പിസ്റ്റോറും പള്ളനാടും ആനക്കാല്‍പ്പെട്ടിയും നാച്ചിവയലും കോവില്‍ക്കടവും മറയൂരും മേലാടിയുമൊക്കെ പിന്നിട്ട് ചിന്നാര്‍ വഴി പാമ്പാര്‍ അമരാവതി അണക്കെട്ടില്‍ ചേരും.
നിറഞ്ഞൊഴുകുന്നതിനൊപ്പം കാഴ്‌ചക്കാര്‍ക്ക് നയന മനോഹര കാഴ്‌ചയുമാണ് പുഴ സമ്മാനിക്കുന്നത്. തൂവാനം, ലക്കം വെള്ളച്ചാട്ടങ്ങള്‍ പാമ്പാറിന്‍റെ ഭംഗിയുള്ള കാഴ്‌ചകളിലൊന്നാണ്. തൂവാനം വെള്ളച്ചാട്ടമാണ് പുഴ ഒഴുകുന്ന പാതയിലെ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടം. ലക്കവും ഭംഗിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
സാധാരണ വെള്ളച്ചാട്ടങ്ങളെ പോലുള്ള രൗദ്ര ഭാവങ്ങള്‍ ഇവയ്ക്കില്ല. 75 അടി ഉയരത്തില്‍ നിന്നാണ് തൂവാനത്ത് വെള്ളം പതിക്കുന്നത്. ഇതിന്‍റെ ഭംഗി കാഴ്‌ചക്കാരെ ഏറെ വിസ്‌മയിപ്പിക്കാറുണ്ട്. പുഴയിലുള്ള ലക്കം വെള്ളച്ചാട്ടം മൂന്നാറിനും മറയൂരിനും ഇടയിലാണുള്ളത്.
മറയൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ നിന്നും 50 മീറ്റര്‍ ഉള്ളിലേക്കാണ് ലക്കം. അപകട സാധ്യത കുറവായ വെള്ളച്ചാട്ടങ്ങളായതുകൊണ്ട് ഇവ കാണാനും നിരന്തരം സന്ദര്‍ശകര്‍ എത്താറുണ്ട്. പാമ്പാറിലെ ഈ രണ്ട് വെള്ളച്ചാട്ടങ്ങളെയും വെള്ളരിപ്രാവുകള്‍ എന്നാണ് അറിയപ്പെടുന്നത്. വിസ്‌മയ കാഴ്‌ചയ്‌ക്കപ്പുറം കൃഷിയിടങ്ങളിലെ ജലസേചനത്തിന് അടക്കം നിരവധി പേരാണ് പാമ്പാറിനെ ആശ്രയിക്കുന്നത്. കൊടും വേനലും ചൂടും ഹൈറേഞ്ചേിലെ ഒട്ടുമിക്ക പുഴകളുടെയും ഒഴുക്ക് കവര്‍ന്നപ്പോള്‍ വേനല്‍ വറുതിയെ വകവയ്ക്കാതെ ജലസമൃദ്ധമായി ശാന്തമായി ഒഴുകുകയാണിപ്പോഴും പാമ്പാര്‍.