തിരുവനന്തപുരം: ഭർതൃവീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെതിരെ (25) മരിച്ച ഇന്ദുജ (25) യുടെ കുടുംബം. മകളുടെ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും മരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പ് വീട്ടിലെത്തിയപ്പോൾ മുഖത്ത് അടിയേറ്റ പാട് കണ്ടിരുന്നു എന്നും അച്ഛൻ ശശിധരൻ കാണി ഇടിവി ഭാരതിനോട് പറഞ്ഞു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ പിതാവ് പാലോട് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.
മകളെ കാണാൻ അഭിജിത്തിന്‍റെ വീട്ടുകാർ അനുവദിച്ചിരുന്നില്ല എന്നും പരാതിയില്‍ പറയുന്നു. അവസാനമായി വീട്ടിലെത്തിയപ്പോൾ മുഖത്തെ പാടിനെ കുറിച്ച് മകളോട് ചോദിച്ചിരുന്നു. എന്നാൽ അബദ്ധത്തിൽ ആരുടെയോ കൈ തട്ടിയതാണെന്ന് പറഞ്ഞ് ചോദ്യത്തിൽ നിന്നും മകൾ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും ശശിധരൻ വിശദീകരിച്ചു. തന്‍റെ മകളെ ഭര്‍ത്താവ് അഭിജിത്ത് ഉപദ്രവിച്ച് കൊന്ന് കെട്ടിത്തൂക്കിയതാണ്. നാല് മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. മകളുടെ മരണത്തില്‍ അഭിജിത്തിന്‍റെ വീട്ടുകാര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നും പിതാവ് വൈകാരികമായി പ്രതികരിച്ചു.
പ്രണയ വിവാഹമായിരുന്നുവെന്നും ഭർത്താവിന്‍റെ വീട്ടുകാർക്ക് മകളെ ഇഷ്‌ടമായിരുന്നില്ല എന്നും വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നു എന്നും ശശിധരൻ പറഞ്ഞു. ഇന്ദുജയുടെ മൃതശരീരത്തിൽ പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതായാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്നലെ ആയിരുന്നു പാലോട്, കൊന്നമൂട് കാണിസെറ്റിൽമെന്‍റ് കിഴക്കുംകര വീട്ടിൽ ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ ഭർതൃവീട്ടിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 1.30 ഇളവട്ടത്ത് ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിൽ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ അഭിജിത്തിന്‍റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.