കൊല്ലം: പ്രസിഡന്‍റ്സ് ട്രോഫിയിൽ മുത്തമിടാനായില്ലെങ്കിലും കായൽ മാമാങ്കത്തിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ കാരിച്ചാൽ ചുണ്ടൻ. സിബിഎല്ലിലെ ആദ്യ മൂന്ന് സീസണുകളിലെയും ടൈറ്റിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണയും സിബിഎൽ കിരീടം സ്വന്തമാക്കി.
ആറ് മത്സരങ്ങളിൽ നിന്ന് 58 പോയിന്‍റുകൾ നേടിയാണ് പിബിസിയുടെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടൻ 57 പോയിന്‍റോടെ സിബിഎല്ലിൽ രണ്ടാം സ്ഥാനത്തും നിരണം ബോട്ട് ക്ലബിന്‍റെ നിരണം ചുണ്ടൻ 48 പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു.
സ്ബിഎല്‍ ബോട്ട് റേസ് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
3 മിനിറ്റ് 53 സെക്കൻഡ് 85 മൈക്രോ സെക്കൻഡിൽ ലക്ഷ്യ സ്ഥാനത്തെത്തിയ വീയപുരം ചുണ്ടനാണ് പത്താമത് പ്രസിഡൻ്റ്സ് ട്രോഫിയിൽ മുത്തമിട്ടത്. കാരിച്ചാൽ ചുണ്ടനാണ് രണ്ടാം സ്ഥാനം. നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തായിരുന്നു.
വനിതകളുടെ മൂന്ന് വള്ളങ്ങൾ അടക്കം പത്ത് ചെറുവള്ളങ്ങളുടെ മത്സരവും ഇവിടെ നടന്നു. ഇരുട്ടുകുത്തി എ വിഭാഗത്തിൽ പി ജി കർണൻ കരുത്ത് തെളിയിച്ചപ്പോൾ, ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ഡാനിയേൽ ഒന്നാമതെത്തി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആശാ പുളിക്കക്കളവും തെക്കനോടി വനിതകളുടെ മത്സരത്തിൽ ദേവസും ജേതാക്കളായി.
തേവള്ളി കൊട്ടാരത്തിന് സമീപത്തെ സ്റ്റാർട്ടിങ് പോയിന്‍റ് മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബോട്ട്ജെട്ടി വരെ 1,100 മീറ്ററിലായിരുന്നു മത്സരം.
സിബിഎൽ ജേതാക്കൾക്ക് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തിന് 15 ലക്ഷം, 10 ലക്ഷം രൂപ വീതവുമാണ് സമ്മാനം. പ്രസിഡന്‍റ്സ് ട്രോഫിയിലെ ഒന്നാം സ്ഥാനക്കാർക്ക് അഞ്ചു ലക്ഷം രൂപയും രാഷ്ട്രപതിയുടെ കയ്യൊപ്പുള്ള സ്വർണക്കപ്പുമാണ് സമ്മാനം.
Also Read:ഇന്ത്യയിലെ പതിനൊന്ന് ജില്ലകളില്‍ ആലപ്പുഴയും; കാത്തിരിക്കുന്നത് അതീവ വരള്‍ച്ചയും വെള്ളപ്പൊക്കവും, ഐഐടിയുടെ കാലാവസ്ഥ വിലയിരുത്തല്‍ റിപ്പോര്‍ട്ട്