തൃശൂര്‍ :അനധികൃതമായി സ്‌പിരിറ്റ് കടത്തിയ രണ്ടുപേർ പിടിയില്‍. പാലക്കാട് സ്വദേശി ശ്രീകൃഷ്‌ണൻ, മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്. പാലിയേക്കരയിൽ കരിക്ക് കൊണ്ടുവരുന്ന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച അമ്പത് കന്നാസ് സ്‌പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത് (Two people arrested).
തമിഴ്‌നാട്ടിൽ നിന്നും എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു സ്‌പിരിറ്റ്. 35 ലിറ്റർ വീതമുള്ള 50 കന്നാസ് സ്‌പിരിറ്റാണ് പിടിച്ചതെന്ന് എക്സൈസ് അറിയിച്ചു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് അസിസ്റ്റന്‍റ് കമ്മീഷണർ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌പിരിറ്റ് പിടിച്ചത്.
എംഡിഎംഎയുമായി രണ്ടുപേർ പൊലീസിന്‍റെ പിടിയിൽ :എംഡിഎംഎയുമായി രണ്ടുപേർ പൊലീസിന്‍റെ പിടിയിൽ. കരുളായി സ്വദേശികളായ മുഹമ്മദ് സെബീബ് (22), വെട്ടൻ ഹബീബ് റഹ്മാൻ (26) എന്നിവരെയാണ് എസ്ഐ ജയകൃഷ്‌ണന്‍ പി അറസ്റ്റ് ചെയ്‌തത്. പൂക്കോട്ടുംപാടത്ത് വിൽപ്പനയ്ക്കായി കൈവശംവച്ച 18 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.
പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎ കടത്തുന്ന സംഘങ്ങളെ കുറിച്ചും ഏജന്‍റുമാരെ കുറിച്ചും മലപ്പുറം ജില്ല പൊലീസ് മേധാവി ശശിധരൻ ഐപിഎസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്‌പി എൽ ഷൈജുവിൻ്റെ നിർദ്ദേശപ്രകാരം പൂക്കോട്ടുംപാടം പൊലീസും, ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരുളായി കാട്ടിലപ്പാടത്തുവച്ച് പ്രതികൾ പിടിയിലായത്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായത്. വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി മരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്.