2019 തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രഭാവത്തില്‍ സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയ മണ്ഡലമാണ് പാലക്കാട്. 1996 മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച പാലക്കാട്ട് 2019-ല്‍ കോണ്‍ഗ്രസിന്‍റെ വി കെ ശ്രീകണ്‌ഠന്‍ സിപിഎമ്മിന്‍റെ എംബി രാജേഷിനെതിരെ അട്ടിമറി വിജയമാണ് കരസ്ഥമാക്കിയത്.
മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെയാണ് സിപിഎം കളത്തിലിറക്കിയത്. എ വിജയ രാഘവനെ മത്സര രംഗത്തിറക്കുമ്പോള്‍ 89 ലെ അട്ടിമറി വിജയമാണ് സിപിഎം പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തം. 1980 ലാണ് സിപിഎമ്മിന്‍റെ ടി ശിവദാസ മേനോനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ വി എസ് വിജയരാഘവന്‍ ആധിപത്യം സ്ഥാപിച്ചത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലും വി എസ് വിജയരാഘവന്‍ തന്നെ വിജയിച്ചു കയറി.
1989- ല്‍ അഭിമാനം തിരിച്ചുപിടിക്കാന്‍ സിപിഎം കളത്തിലിറക്കിയത് അന്നത്തെ എസ്‌എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന എ വിജയരാഘവനെ. പ്രതീക്ഷ തെറ്റിക്കാതെ എ വിജയരാഘവന്‍ കോണ്‍ഗ്രസിന്‍റെ വി എസ് വിജയരാഘവനെ അട്ടിമറിച്ചു. 2024-ല്‍ സമാനമായ പ്രതിസന്ധി ഘട്ടത്തില്‍ എ വിജയരാഘവന്‍ വീണ്ടുമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല.