തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ റൂമിൽ പാതിരാത്രി പൊലീസ് നടത്തിയ റെയ്‌ഡിനെ തുടർന്ന് പ്രതിഷേധം കനക്കുന്നു. ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ നടന്ന സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്‌ണ അടക്കമുള്ളവരുടെ മുറികളിലെത്തിയാണ് രാത്രി പൊലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പോലീസ് നടത്തിയ റെയ്‌ഡ് ബിജെപി പിന്തുണയോടെ നടന്ന തിരക്കഥാ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. 'സംഭവം അപമാനകരമാണ്. കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്‌തു. പണപ്പെട്ടിയുള്ളത് കോൺഗ്രസ് നേതാക്കളുടെ മുറികളിലല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളത്. റെയ്‌ഡ് നടന്ന വിവരം കൈരളി ടി വി എങ്ങനെ അറിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് (ETV Bharat) പി കെ ശ്രീമതി അടക്കമുള്ള സിപിഎം നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയില്ല. മുൻ എംഎൽഎ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചു. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളുടെ മുറികളിൽ പൊലീസ് അതിക്രമിച്ചു കയറി. നാടകം ബിജെപിയെ സഹായിക്കാനാണ്. കോൺഗ്രസ് വനിതാ നേതാക്കളെ അപമാനിച്ച മന്ത്രി എം ബി രാജേഷിന് ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല.
ഷാനിമോൾ ഒറ്റയ്ക്ക് താമസിക്കുന്ന മുറിയിൽ മഫ്ത്തിയിലാണ് പൊലീസ് വന്നത്. പൊതുപ്രവർത്തകരെ പാതിരാത്രിയിൽ അപമാനിച്ച മന്ത്രി രാജിവെക്കണം. കൊടകര കേസിൽ കെ സുരേന്ദ്രനെ രക്ഷിക്കാൻ സിപിഎം നടത്തുന്ന ശ്രമമാണ് റെയ്‌ഡ് നാടകം. സംഭവത്തിൽ പ്രതിഷേധിച്ചു എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും. ശക്തമായ പ്രതിഷേധ സമരമുണ്ടാകും. സംഭവം നിയമപരമായി നേരിടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എം ബി രാജേഷും അളിയനും ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം ആണ് ഇതിന് പിന്നിൽ എന്നും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം ഉന്നയിച്ചു. പൊലീസിന്‍റെ പാതിരാത്രിയിലെ റെയ്‌ഡ് സിപിഎം ബിജെപി നാടകമാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ആവർത്തിച്ചു.
ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്‌ത കേട്ടുകേൾവി ഇല്ലാത്ത ഹൃദയഭേദകമായ സംഭവങ്ങൾ ആണ് പാലക്കാട് നടന്നതെന്ന് കെസി വേണുഗോപാൽ എം പി പറഞ്ഞു. എന്ത് അടിസ്ഥാനത്തിൽ ആണ് വനിത പൊലീസ് ഇല്ലാതെ കടന്ന് ചെല്ലാൻ പൊലീസ് തയ്യാറായത്. എവിടെ നിന്നാണ് പാതിരാത്രി റെയ്‌ഡ് നടത്താൻ ഉത്തരവ് വന്നത്, ആരാണ് ഉത്തരവ് നൽകിയത്, പൊലീസ് എത്തുമ്പോൾ ബിജെപിയും സിപിഎം നേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നു.
കെസി വേണുഗോപാൽ മാധ്യമങ്ങളോട് (ETV Bharat) ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. ഏത് രാജ്യത്ത് ആണ് ഇതൊക്കെ നടക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ ചെറുത്ത് തോൽപ്പിക്കും. ബിജെപി നടത്തിയ ഹവാല കുംഭകോണത്തെ മറച്ച് പിടിക്കാൻ ആണ് ശ്രമം. കൊടകര കുഴൽ പണ കേസ് മറച്ചു പിടിക്കാൻ ആണ് ഈ ശ്രമങ്ങൾ.
തൃശൂർ ഡീൽ പാലക്കാടും ആവർത്തിക്കാൻ ആണ് ശ്രമം. ഇത് അത്യന്തം ഗൗരവകരം ആണ്. പാലക്കാട് പൊലീസ് ബിജെപിയുമായി ചേർന്ന് നടത്തുന്നത് ആണ് ഈ ശ്രമങ്ങൾ. പിണറായി വിജയൻ്റെ അറിവോടെ ആണ് ഈ നടപടികൾ. സംഭവത്തെ നിയമപരമായി ഇതിനെ നേരിടുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
പാലക്കാട്ടെ പൊലീസ് പരിശോധന കോണ്‍ഗ്രസ് നേതാക്കള്‍ തടസപ്പെടുത്തിയെന്ന് സിപിഎം നേതാവ് എ എ റഹീം എം പി പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. പണം കടത്തിയത് എം പി മാരുടെ സഹായത്തോടെ ആണ്. ഷാനിമോള്‍ ഉസ്‌മാന്‍ പരിശോധനയ്ക്ക് മുറി തുറക്കാതിരുന്നത് പണം ഒളിപ്പിക്കാനാണെന്നും റഹീം പറഞ്ഞു. റഹീമിന്‍റെ സംസ്‌കാരമല്ല തന്‍റെ സംസ്‌കാരമെന്ന് ഷാനിമോള്‍ ഉസ്‌മാന്‍ തിരിച്ചടിച്ചു.
പാലക്കാട്ടെ റെയ്‌ഡ് ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു. പൊലീസ് അന്വേഷണം നടത്തിയത് ഉചിതമായ രീതിയിൽ അല്ല. വനിതാ പൊലീസിനെ വിന്യസിക്കാൻ തയ്യാറായില്ല. പൊലീസിൻ്റെ പെരുമാറ്റം കൃത്യമായ നാടകമാണ്. കള്ളപ്പണം സുരക്ഷിതമായി മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ അവസരം ഒരുക്കിയത് പൊലീസാണെന്നും സുരേന്ദ്രൻ രൂക്ഷ വിമർശനമുന്നയിച്ചു.
അതേസമയം, പരിശോധനയ്ക്ക് നിയമപ്രകാരം പൊലീസിന് അവകാശമുണ്ടെന്ന് എഎസ്‌പി പറഞ്ഞു. മുറിയിൽ സ്ത്രീകളാണെങ്കിലും പുറത്തിറങ്ങാൻ പറയാം. സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ല. എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചിട്ടുണ്ട് എന്നും എ എസ് പി പറഞ്ഞു.
Also Read:പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന; സ്ഥലത്ത് സംഘർഷാവസ്ഥ, കോൺഗ്രസ് പ്രതിഷേധത്തിലേക്ക്