പാലക്കാട്:യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎമ്മിന്‍റെ പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍. 'പാലക്കാട് എന്ന സ്‌നേഹ വിസ്‌മയം' എന്ന അടിക്കുറിപ്പോടെയാണ് പേജിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 63,000 ഫോളോവേഴ്‌സുള്ള പേജിൽ നിന്നും വീഡിയോ രാത്രി തന്നെ നീക്കം ചെയ്‌തു.
സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തുവന്നു. 'സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ നിന്നും മനസിലാക്കുന്നു.
വിവാദം സൃഷ്‌ടിക്കാനായി പേജ് ഹാക്ക് ചെയ്‌ത് മനപൂർവം ഇത്തരത്തിൽ ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌ത ശേഷം അതിന്‍റെ സ്ക്രീൻ റെക്കോർഡിങ് എടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയതായിട്ടാണ് വിശദമായ പരിശോധനയിൽ മനസിലാക്കാൻ കഴിയുന്നതെന്ന് കെ പി ഉദയഭാനു ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ചു. സൈബർ പൊലീസിനും ഫേസ്ബുക്കിനും സംഭവത്തിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
കെ പി ഉദയഭാനുവിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റിന്‍റെ പൂർണ രൂപം
വ്യാജൻ ഇപ്പോൾ ഹാക്കറുമായി.
സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ നിന്നും മനസിലാക്കുന്നു. വിശദമായ പരിശോധനയിൽ വിവാദം സൃഷ്‌ടിക്കാനായി പേജ് ഹാക്ക് ചെയ്‌ത്, മനപൂർവ്വം ഇത്തരത്തിൽ ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌ത ശേഷം അതിന്‍റെ സ്ക്രീൻ റെക്കോർഡിങ് എടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയതായിട്ടാണ് മനസിലാക്കാൻ കഴിയുന്നത്.
ഫേസ്ബുക്ക് പേജ് ഹാക്ക് ആയത് ശ്രദ്ധയിൽ പെടുകയും പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ ടീം അത് റിക്കവർ ചെയ്‌ത് വീഡിയോ നീക്കം ചെയ്യുകയും സൈബർ പൊലീസിനും ഫേസ്ബുക്കിനും പരാതിയും നൽകിയിട്ടുണ്ട്. പേജിന്‍റെ നിയന്ത്രണം തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാർ. അടൂർ അസംബ്ലി മണ്ഡലത്തിലെ 119 ആം നമ്പർ ബൂത്തിലെ താമസക്കാരനാണ് വ്യാജൻ. (പെരിങ്ങനാട് വില്ലേജ്) കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 111 വോട്ടിൻ്റെയും പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 70 വോട്ടിൻ്റെയും ലീഡ് ഈ ബൂത്തിൽ ഉണ്ടായി.