പാലക്കാട്: ആവേശകരമായ പ്രചാരണത്തിനും കൂറുമാറ്റങ്ങളുടേയും വിവാദങ്ങളുടേയും പെരുമഴയ്‌ക്കൊടുവില്‍ പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നാളെ ഉപതെരഞ്ഞെടുപ്പിനായി ബൂത്തിലേക്ക് നീങ്ങുകയാണ്. യുവ നേതാക്കളുടെ ചേരിമാറ്റങ്ങളെത്തുടര്‍ന്ന് വാശി കയറിയ, ത്രില്ലടിപ്പിച്ച പാലക്കാടന്‍ പോര് മൂന്ന് മുന്നണികള്‍ക്കും സുപ്രധാനമാണ്. മണ്ഡലത്തില്‍ മേല്‍ക്കോയ്‌മ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും കയ്യകലത്തെത്തിയ വിജയം പിടിച്ചെടുക്കാന്‍ ബിജെപിയും നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ സിപിഎമ്മും എല്ലാ തന്ത്രങ്ങളും പയറ്റിയ 35 ദിവസങ്ങള്‍ക്കു ശേഷമാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കാന്‍ ബൂത്തുകളിലേക്ക് നീങ്ങുന്നത്.
നഗര വോട്ടര്‍മാര്‍ കൂടുതലുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട്. ആകെയുള്ളത് 194706 വോട്ടര്‍മാര്‍. ഇതില്‍ 100290 പേര്‍ സ്ത്രീകളാണ്. 2445 കന്നി വോട്ടര്‍മാരുണ്ട്. 85 കഴിഞ്ഞ 2306 വോട്ടര്‍മാരും 780 ഭിന്ന ശേഷിക്കാരും 4 ഭിന്നലിംഗക്കാരും 229 പ്രവാസി വോട്ടര്‍മാരും പാലക്കാട്ടെ വോട്ടര്‍ പട്ടികയിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാലക്കാട് ഉപതെരഞ്ഞെടുപ്പ് (FB@District Collector Palakkad) ആകെ വോട്ടര്‍മാരില്‍ എണ്‍പതു ശതമാനത്തിലേറെ നഗര പ്രദേശത്തുള്ളവരാണ്. കേവലം 18 ശതമാനം മാത്രമാണ് ഗ്രാമീണ വോട്ടര്‍മാര്‍. 73 ശതമാനം ഭൂരിപക്ഷ സമുദായ വോട്ടര്‍മാരുള്ള പാലക്കാട്ട് മുസ്ലീം വോട്ടര്‍മാര്‍ 23 ശതമാനമാണ്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ മൂന്നര ശതമാനവും. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. പി സരിന്‍ അടക്കം 8 സ്വതന്ത്രരാണ് പാലക്കാട്ട് മത്സര രംഗത്തുള്ളത്.
മണ്ഡല ചരിത്രം
കേരളപ്പിറവിക്ക് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് 6 തവണയും കമ്യൂണിസ്റ്റ് പാര്‍ട്ടി 3 തവണയും പാലക്കാട്ട് വിജയിച്ചു. 1977 മുതല്‍ 1987 വരെ നടന്ന 4 തെരഞ്ഞെടുപ്പുകളില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സിഎം സുന്ദരമായിരുന്നു വിജയിച്ചത്. 1991 മുതല്‍ 2011 വരെ നടന്ന 5 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സിപിഎം സ്ഥാനാര്‍ഥികള്‍ പാലക്കാട്ട് മാറിമാറി ജയിച്ചു. അതിനു മാറ്റം വന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 2011 മുതല്‍ നേടിയ ഹാട്രിക്ക് വിജയമാണ്. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്ടെ മൂന്ന് മുന്നണികളുടേയും പ്രകടനം ഇങ്ങിനെയായിരുന്നു.
2006
സിപിഎമ്മിലെ കെകെ ദിവാകരന്‍ 1344 വോട്ടിന് ജയിച്ചു. ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ 37 ശതമാനം( 41166 വോട്ട്) അന്ന് സിപിഎമ്മിന് ലഭിച്ചു. കോണ്‍ഗ്രസിലെ എവി ഗോപിനാഥിന് 36 ശതമാനം വോട്ട് (39822 വോട്ട്) ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഒ രാജ ഗോപാലിന് 27667 വോട്ട് ലഭിച്ചു. ( 25 ശതമാനം).
2011
പാലക്കാട് മണ്ഡലം അന്ന് കെഎസ്‌യു നേതാവായിരുന്ന ഷാഫി പറമ്പിലിനെ ഇറക്കി കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നതാണ് 2011 ല്‍ കണ്ടത്. കന്നിയങ്കത്തില്‍ പാലക്കാട്ട് ഷാഫി പറമ്പില്‍ 47641 വോട്ട് പിടിച്ചു. (42 ശതമാനം). കെകെ ദിവാകരന്‍ തന്നെയായിരുന്നു സിപിഎം സ്ഥാനാര്‍ഥി. സിപിഎമ്മിന്‍റെ വോട്ട് വിഹിതം 37 ല്‍ നിന്ന് 36 ശതമാനമായി കുറഞ്ഞു. ആയിരത്തോളം വോട്ടിന്‍റെ കുറവും ഉണ്ടായി (40238 വോട്ട്). വ്യവസായിയായ ഉദയഭാസ്‌കറിനെ സ്ഥാനാര്‍ഥിയാക്കിയ ബിജെപിക്ക് വന്‍ തോതില്‍ വോട്ട് കുറഞ്ഞു (22317 വോട്ട്). 25 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് വോട്ട് ഷെയര്‍ കുറഞ്ഞപ്പോള്‍ നേട്ടമുണ്ടായത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായിരുന്നു. 7403 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് പോയി.
2016
രണ്ടാം തവണയും കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെ ഇറക്കി നടത്തിയ പാലക്കാടന്‍ പരീക്ഷണം വിജയിച്ചു. കോണ്‍ഗ്രസ് പാലക്കാട്ട് പതിനായിരത്തോളം വോട്ട് വര്‍ധിപ്പിക്കുന്നത് 2016-ല്‍ കണ്ടു. 57559 വോട്ട് നേടിയ ഷാഫി പറമ്പില്‍ ആകെ വോട്ടില്‍ 41.77 ശതമാനം സ്വന്തമാക്കി. ഭൂരിപക്ഷം 17483. ഇതാദ്യമായി പാലക്കാട്ട് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോകുന്നതും 2016 ല്‍ കണ്ടു. 40076 വോട്ട് പിടിച്ചെടുത്ത ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ 29.08 ശതമാനം വോട്ട് ഷെയറോടെ പാലക്കാട്ട് ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചു. 2016-ലെ കുതിപ്പില്‍ പാലക്കാട്ട് 18000 വോട്ടിന്‍റെ വളര്‍ച്ചയാണ് ബിജെപി കൈവരിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എന്‍എന്‍ കൃഷ്‌ണദാസിന് 38675 വോട്ടുകളാണ് കിട്ടിയത്. (28.07 ശതമാനം).
2021
പാലക്കാട്ട് ഷാഫി പറമ്പില്‍ ഹാട്രിക്ക് തികയ്ക്കുന്നതാണ് 2021 ല്‍ കണ്ടത്. പക്ഷേ ആ ജയം ഷാഫിയുടെ പാലക്കാട്ടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു. 3859 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ ശ്രീധരനെയായിരുന്നു. കോണ്‍ഗ്രസിന് 3500 വോട്ട് കുറഞ്ഞപ്പോള്‍ വോട്ട് ഷെയര്‍ 3.7 ശതമാനം ഇടിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 54079 വോട്ട് നേടിയപ്പോള്‍ (38.06 ശതമാനം) രണ്ടാം സ്ഥാനത്തെത്തിയ ബിജെപി 50220 വോട്ട് പിടിച്ചു. ( 35.34 ശതമാനം). ബിജെപി വോട്ടുകളില്‍ പതിനായിരത്തിന്‍റെ വളര്‍ച്ച വീണ്ടും പാലക്കാട് മണ്ഡലത്തില്‍ കണ്ടു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം സ്ഥാനാര്‍ഥി സിപി പ്രമോദിന് 36433 വോട്ട് കിട്ടി. ( 25.64 ശതമാനം).
ALSO READ:'സാദിഖലി തങ്ങളെ വിമര്‍ശിച്ചത് രാഷ്‌ട്രീയ നേതാവെന്ന നിലയില്‍'; മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇപി
കഴിഞ്ഞ തവണ വോട്ടെണ്ണിയപ്പോള്‍ ആകെയുള്ള 20 റൗണ്ടില്‍ 13 റൗണ്ടുകളില്‍ ലീഡ് കൈവരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞിരുന്നു. അതേ ലീഡ് ഇത്തവണ കോണ്‍ഗ്രസിന് നിലനിര്‍ത്താനായാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയിക്കാനാവും എന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ തവണ 2021 ല്‍ 73.71 ശതമാനം പോളിങ്ങാണ് പാലക്കാട്ട് നടന്നത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190326 വോട്ടര്‍മാരില്‍ 132927 പേര്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 52779 വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 43072 വോട്ടും സിപിഎം സ്ഥാനാര്‍ഥിക്ക് 34640 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് ബിജെപി വോട്ട് വ്യത്യാസം 9707 ആയിരുന്നു.
ജയം തുടരാനുറച്ച് കോണ്‍ഗ്രസ്
പാലക്കാട്ട് സിപിഎം നടത്തിയ നീക്കങ്ങളെല്ലാം പാളുകയായിരുന്നുവെന്നും തങ്ങളുടെ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയം ഉറപ്പാണെന്നുമാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ പറയുന്നത്. പാലക്കാട്ട് കോണ്‍ഗ്രസിനെ നേരിടാന്‍ ബിജെപിയും സിപിഎമ്മും ഒന്നിച്ചാണ് പ്രവൃത്തിക്കുന്നതെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു. ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യര്‍ കൂടി കോണ്‍ഗ്രസിനൊപ്പമെത്തിയത് പാലക്കാട്ടെ നഗര മേഖലകളില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിനിടെ (FB@Rahul Mamkootathil) ആറുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാലക്കാട്ട് 9707 വോട്ടിന്‍റെ ഭൂരിപക്ഷം നേടാനായത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഒപ്പമുണ്ടായിരുന്ന യുവ നേതാവും പാര്‍ട്ടി ഡിജിറ്റല്‍ മീഡിയാ കണ്‍വീനറുമായിരുന്ന ഡോ. പി സരിനെ നഷ്‌ടപ്പെട്ടത് തിരിച്ചടിയായെങ്കിലും സന്ദീപ് വാര്യരുടെ വരവോടെ ഇതു മറികടക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
ബിജെപിക്ക് തികഞ്ഞ പ്രതീക്ഷ
10 വര്‍ഷം കൊണ്ട് ബിജെപി വോട്ടുകള്‍ പാലക്കാട്ട് വന്‍ തോതില്‍ ഉയര്‍ന്നതാണ് പ്രതീക്ഷ പകരുന്നത്. 2011 ല്‍ 19 ശതമാനമായിരുന്ന ബിജെപി വോട്ട് ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ 2021 ല്‍ 35 ശതമാനമായി ഉയര്‍ന്നു. അത് ഇ ശ്രീധരന്‍റെ വ്യക്തി പ്രഭാവത്തിന് ലഭിച്ച വോട്ടാണെന്ന് എതിരാളികള്‍ പറയുമെങ്കിലും നാലു തവണ പാലക്കാട് നഗരസഭാ കൗണ്‍സിലറായ സി കൃഷ്‌ണകുമാറിന് വിജയിക്കുമെന്നതില്‍ സംശയമേതുമില്ല. മോദി പ്രഭാവമൊക്കെ വരും മുമ്പ് തന്നെ ബിജെപിക്കും ആര്‍എസ്‌എസിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്.
സി കൃഷ്‌ണകുമാര്‍ പ്രചാരണത്തിനിടെ (FB@C.Krishnakumar) പാലക്കാട് നഗരസഭ തുടര്‍ച്ചയായി ഭരിക്കുന്നതും ബിജെപിയാണ്. "തൊട്ടടുത്ത തൃശൂര്‍ ജില്ലയിലെ തൃശൂര്‍ പാര്‍ലമെന്‍റ് സീറ്റില്‍ ഞെട്ടിച്ച മുന്നേറ്റത്തിലൂടെ ബിജെപി വിജയം പിടിച്ചെടുത്തത് പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകരിലും അനുഭാവികളിലും ആവേശം കൂട്ടിയിട്ടുണ്ട്.
ശക്തമായ പ്രവര്‍ത്തനം തന്നെയാണ് പാലക്കാട്ട് പാര്‍ട്ടി നടത്തിയത്. ഒറ്റക്കെട്ടായി പാര്‍ട്ടി നേതാക്കളെല്ലാം തന്നെ പാലക്കാട്ട് വിജയത്തിനായി കഠിനാധ്വാനം ചെയ്‌തു. നേമത്തു നിന്ന് ഒ രാജഗോപാല്‍ വിജയിച്ച ശേഷം പാലക്കാട്ടു നിന്ന് കൃഷ്‌ണകുമാറിലൂടെ ബിജെപി എംഎല്‍എ കേരള നിയമ സഭയില്‍ എത്തും എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്‍റെ സവിശേഷത"- ബിജെപി ജില്ലാ പ്രസിഡന്‍റ് ഹരിദാസ് പറഞ്ഞു.
നഷ്‌ടപ്രതാപം വീണ്ടെടുക്കാനുറച്ച് സിപിഎം
സിപിഎമ്മിനാകട്ടെ ഡോ സരിന്‍റെ വരവോടെ മണ്ഡലത്തില്‍ നഷ്‌ടമായ പ്രതാപം വീണ്ടെടുക്കാനും ശക്തമായ പോരാട്ടം കാഴ്‌ചവക്കാനും സാധിക്കുമെന്ന പ്രതീക്ഷയാണ്. പാലക്കാട് നഗരസഭയില്‍ സിപിഎമ്മിന് കാര്യമായ സ്വാധീനമില്ലെങ്കിലും കണ്ണാടി പഞ്ചായത്തില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ട്. മാത്തൂര്‍ പഞ്ചായത്തിലെ നഷ്‌ടമായ സ്വാധീനം തിരിച്ചു പിടിക്കാനായാല്‍ ഡോ സരിന്‍റെ വ്യക്തി പ്രഭാവത്തില്‍ നഗര മേഖലയില്‍ നിന്ന് കിട്ടുന്ന വോട്ടുകളും കൂടിയായാല്‍ പാലക്കാട്ട് ഒന്നു പൊരുതി നോക്കാമെന്ന കണക്കു കൂട്ടലിലാണ് സിപിഎം.
പി സരിന്‍ പ്രചാരണത്തിനിടെ (FB@Dr Sarin P) 180 പോളിങ്ങ് ബൂത്തുകളിലെ വോട്ടിങ്ങ് മെഷീനുകളിലെ കണക്കുകള്‍ എല്ലാ അവകാശ വാദങ്ങള്‍ക്കും മറുപടി നല്‍കും. നവംബര്‍ 23 ന് ശനിയാഴ്ച.