കോട്ടയം:പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർഥി പി സരിൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പി സരിൻ കോട്ടയത്ത് എത്തിയത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച പി സരിൻ മെഴുകുതിരി കത്തിക്കുകയും കല്ലറയ്‌ക്ക് ചുറ്റും വലംവയ്ക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
‘ഞാൻ ചെയ്യുന്ന രാഷ്ട്രീയത്തിലെ ശരികൾ എന്നെ ഏതൊക്കെ വഴിയാണോ നടത്തിക്കുന്നത്, ആ വഴിയിലെ ശരികൾ ഞാൻ പിന്തുടരും. പോകേണ്ട ഇടങ്ങൾ ഏതാണ് എന്നത് തീരുമാനിക്കേണ്ടതും ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതും എല്ലാം ബോധ്യത്തോടെ തന്നെയാണ് ചെയ്യുന്നത്’ സരിൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പി സരിൻ (ETV Bharat) ഉമ്മന്‍ചാണ്ടിക്ക് മുന്നിൽ ഏഴെട്ട് വര്‍ഷം എങ്ങനെയാണോ നിന്നത് അതേ രീതിക്ക് തന്നെയാണ് ഇന്നും നിന്നത്. അങ്ങനെയല്ലാതെ നില്‍ക്കുന്നവരെ അദ്ദേഹത്തിനറിയാമെന്നും പി സരിന്‍ പറഞ്ഞു. കൃപേശിൻ്റെയും ശരത് ലാലിൻ്റെയും ശവകുടീരം സന്ദർശിക്കണമെന്ന ഷാഫിയുടെ പ്രസ്‌താവനയോട് മറുപടി പറയുന്നില്ലയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ ഇടവേളകളിൽ എത്താറുള്ള ആളാണ് താനെന്നും എല്ലാ കാര്യങ്ങളും ഇവിടെ പറഞ്ഞിട്ടുണ്ടെന്നും സരിൻ വ്യക്തമാക്കി.
അതേസമയം മാധ്യമങ്ങൾക്ക് എതിരായ സിപിഎം നേതാവ് എൻഎൻ കൃഷ്‌ണദാസിൻ്റെ പരാമര്‍ശം എന്താണെന്ന് തനിക്കറിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ് ചോദ്യം ചെയ്യുന്ന തരത്തില്‍ എന്തെങ്കിലും പരമാര്‍ശം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് വന്നിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.
പാലക്കാട് ഇടതുമുന്നണിൽ ഭിന്നതയില്ലെന്നും കോൺഗ്രസിൽ ശുദ്ധികലശത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞുവെന്നും സരിൻ അറിയിച്ചു. മാത്രമല്ല കോൺഗ്രസിനുള്ളിൽ ആശയ പോരാട്ടം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
Also Read:'ഉള്ളില്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസുകാരനുണ്ട്'; കെ കരുണാകരന്‍റെ സ്‌മൃതി മണ്ഡപം സന്ദര്‍ശിച്ച് പി.സരിന്‍