തൃശൂർ:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍റെ സ്‌മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചെന്നും സ്‌മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിന്‍റെ സന്ദര്‍ശനം.കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും ഉള്ളില്‍ ഒരു കോണ്‍ഗ്രസുകാരന്‍ ഇപ്പോഴുമുള്ളതിനാലാണ് കരുണാകരന്‍റെ സ്‌മൃതി മണ്ഡപത്തില്‍ വന്നതെന്ന് സരിന്‍ പറഞ്ഞു.
സ്‌മൃതി മണ്ഡപത്തിലേക്ക് വരണമെന്ന തൻ്റെ ആഗ്രഹം അറിയിച്ചപ്പോൾ തന്നെ ആരും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോൺഗ്രസിനകത്ത് ഇനി കോൺഗ്രസ് അവശേഷിക്കില്ലെന്നും യഥാർഥ കോൺഗ്രസുകാർ കോൺഗ്രസിന് പുറത്താണെന്നും സരിൻ പറഞ്ഞു. സ്നേഹത്തിൻ്റെ കടയാണ് എൽഡിഎഫ് തുറന്നത് അല്ലാതെ വിദ്വേഷത്തിൻ്റേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി സരിന്‍ സംസാരിക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാലക്കാട് മണ്ഡലത്തിലെ എല്ലാ വോട്ടർമാരുടെയും വോട്ട് തനിക്ക് വേണം. എനിക്ക് ഒരു വിഭാഗം എന്ന പ്രത്യേകതയില്ലെന്നും സരിൻ വ്യക്തമാക്കി. ക്യാമറയ്ക്ക് മുമ്പിൽ ഉമ്മൻചാണ്ടിയെ പോയി കണ്ടിട്ടില്ല എന്നേയുള്ളൂ. ഉമ്മൻ ചാണ്ടിയുടെയും സ്‌മൃതി മണ്ഡപത്തിലും പോയി പ്രാർഥിച്ചിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഒരേസമയം താൻ ഉമ്മൻ ചാണ്ടിയുടെയും കെ കരുണാകരൻ്റെയും കോൺഗ്രസ് ആയിരുന്നു. ഇപ്പോൾ ഇടതുപക്ഷത്തിൻ്റെ പ്രത്യയശാസ്ത്രത്തിനൊപ്പം മനസിലാക്കി പ്രവർത്തിക്കുന്നുവെന്നു മാത്രമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാതെ രാഷ്ട്രീയത്തെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കോൺഗ്രസ് ഇനി പേരിന് മാത്രം അവശേഷിക്കുമെന്നും സരിൻ പറഞ്ഞു. ജനാധിപത്യമൂല്യമുള്ള കോൺഗ്രസ് അസ്‌തമിച്ചു. കോൺഗ്രസിനെ സ്നേഹിക്കുന്നവർ കോൺഗ്രസ് വിട്ട് പുറത്തുവരും. വോട്ട് രാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യം വച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്നത് വരും കാലത്ത് എല്ലാവർക്കും ബോധ്യമാകുമെന്നും സരിൻ വ്യക്തമാക്കി.
Also Read:'കോൺഗ്രസിൽ സതീശൻ ഷാഫി രാഹുൽ രാഷ്ട്രീയ കോക്കസ്'; ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പി സരിൻ