തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണ്ണമായി. പാലക്കാട് ഡോ. പി സരിന്‍ ഇടതു സ്വതന്ത്രനും ചേലക്കരയില്‍ യു ആര്‍ പ്രദീപും സിപിഎം സ്ഥാനാര്‍ഥികളാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരി മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ രാഷ്‌ട്രീയ കോളിളക്കങ്ങള്‍ക്ക് ശേഷമാണ് ഡോ പി സരിന്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ ജനവിധി തേടാന്‍ ഒരുങ്ങുന്നത്. ചേലക്കരയില്‍ മുന്‍ എം പി രമ്യ ഹരിദാസിനെ നേരിടാന്‍ ചേലക്കര മുന്‍ എംഎല്‍എയും ചേലക്കര ഏരിയ കമ്മിറ്റി അംഗവുമായ യു ആര്‍ പ്രദീപിനെ കൂടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ ചിത്രം പൂര്‍ണ്ണമായി.
ഇന്നു രാവിലെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സരിന്‍റെ പേര് ഔദ്യോഗികമായി സംസ്ഥാന നേതൃത്വം പരിഗണിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തെ അപ്പാടെ വിമര്‍ശിച്ചു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരസ്യ പ്രസ്‌താവനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കിയിരുന്നു.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളെയും നിയമസഭ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്ന ഫലമാകും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാനായി രാജിവെച്ചത് ബിജെപി ഡീലിന്‍റെ ഭാഗമാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ചെറിയ ഭൂരിപക്ഷത്തിലായിരുന്നു പാലക്കാട് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. ബിജെപിയുമായുള്ള ഡീലിന്‍റെ ഭാഗമായുള്ളവര്‍ തന്നെ ഇപ്പോള്‍ അതു തുറന്നു പറയുന്നുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
എംബിബിഎസ് പഠനത്തിന് ശേഷം സിവില്‍ സര്‍വീസ് നേടി ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ജനറല്‍ ഓഫീസില്‍ സേവനമനുഷ്‌ഠിക്കുന്നതിനിടെയാണ് ജോലി രാജിവെച്ച് ഡോ. പി സരിന്‍ പൊതുരംഗത്തേക്കെത്തുന്നത്. കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ചുമതലകള്‍ വഹിച്ചിരുന്ന സരിന്‍ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയുള്ള കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് ശേഷമാണ് പിണങ്ങിപിരിഞ്ഞ് എല്‍ ഡി എഫ് ക്യാമ്പിലെത്തുന്നത്.
2016 ലാണ് യു ആര്‍ പ്രദീപ് സിപിഎം ജനപ്രതിനിധിയായി ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ എ തുളസിയെ തോല്‍പിച്ചായിരുന്നു ചേലക്കരയിലെ വിജയം. ചേലക്കര എംഎല്‍എ യും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്‌ണന്‍ സിപിഎമ്മിന്‍റെ സംസ്ഥാനത്ത് നിന്നുള്ള ഏക എംപിയായി ലോക്‌സഭയിലേക്ക് പോയതിന് പിന്നാലെയാണ് വീണ്ടും തെരഞ്ഞെടുപ്പ രംഗത്തേക്ക് എത്തുന്നത്. സിപിഎം ചേലക്കര ഏരിയ കമ്മിറ്റി അംഗം, പികെഎസ് ജില്ലാ കമ്മിറ്റി അംഗം, കെഎസ്കെടിയു ഏരിയ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇതു രണ്ടാം വട്ടമാണ് യു ആര്‍ പ്രദീപ് ജനവിധി തേടാനൊരുങ്ങുന്നത്.
Also Read:ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കെസി വേണുഗോപാൽ; പ്രചരണ പരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസ് നേതൃയോഗം