പാലക്കാട്: ഇപി ജയരാജൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥി ഡോ.പി സരിൻ. താൻ പറയാത്ത കാര്യങ്ങളാണ് ആത്മകഥയുടെ പേരിൽ പ്രചരിക്കുന്നതെന്ന് ഇപി തന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സരിന്‍.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും സഹികെട്ടാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ്റെ ആത്മകഥ വിവാദത്തിന് പിന്നിൽ പ്രതിപക്ഷ നേതാവിന് പങ്കുണ്ട്. പൊലീസ് അക്കാര്യം അന്വേഷിച്ച് പുറത്ത് കൊണ്ടുവരട്ടെ. ഉപതെരഞ്ഞെടുപ്പ് ദിവസം ഈ വാർത്ത പുറത്ത് വന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് ചില കോൺഗ്രസുകാർ നടത്തുന്നത്. തൻ്റെ ഭാര്യയെപ്പോലും വേട്ടയാടുന്നു. സഹികെട്ടാൽ പ്രതികരിക്കും.
പി സരിന്‍ മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഡിഎഫ് രാഷ്ട്രീയത്തോട് ഉള്ള ജനങ്ങളുടെ വിരോധമാണ് വയനാട്ടിൽ പോളിങ് ശതമാനം കുറയാൻ ഇടയാക്കിയത്. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിൽ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് നേടാനുള്ള ശ്രമത്തോട് ജനങ്ങൾക്ക് മടുപ്പാണ്. ബിജെപിയുടെ വോട്ട് 25 ശതമാനം കുറയും. വികസനം രാഷ്ട്രീയ ചർച്ചയായി ഉയർത്തിക്കൊണ്ടുവരാനാണ് എൽഡിഎഫിൻ്റെ ശ്രമം. എതിരാളികൾക്ക് അതിൽ താത്‌പര്യമില്ലെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.
ഇപി ജയരാജനെ സിപിഎം അപമാനിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു ഇതിന് മറുപടിയായാണ് സരിന്‍റെ പ്രതികരണം. ഇപി ജയരാജനെ സിപിഎം വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ആത്മകഥ വിവാദത്തിൽ ജയരാജനെ ചതിച്ചത് സ്വന്തം പാർട്ടിയിലെ ബന്ധുക്കളോ ശത്രുക്കളോ എന്നതേ അറിയാനുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ആത്മകഥയിലെ കാര്യങ്ങൾ ജയരാജൻ തന്നെയാണ് എഴുതിയത്. ആരാണ് അത് പുറത്തുവിട്ടത് എന്ന കാര്യമെ അറിയാനുള്ളൂ. ഡിസി ബുക്‌സ് പോലെ വിശ്വാസ്യത ഉള്ള ഒരു സ്ഥാപനം അത് ചെയ്യില്ലെന്ന് ഉറപ്പാണ്. താനല്ല അത് ചെയ്‌തത് എന്ന് പറയാനേ ജയരാജന് കഴിയൂ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയും വരെ അതേ പറ്റൂ. സിപിഎം ജയരാജനെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുകയാണ്. പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണ് എന്ന പരിഗണന പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
Also Read:വയനാട്ടുകാര്‍ക്ക് ഇതെന്തുപറ്റി? പോളിങ് കുത്തനെ കുറയാനുള്ള കാരണങ്ങള്‍ പുറത്ത്, മുന്നണികളില്‍ നെഞ്ചിടിപ്പ് കൂടുന്നു