കേരളം

kerala

ETV Bharat / state

'തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകില്ല രാഹുല്‍ ഗാന്ധിയാകും'; പാലക്കാട് സ്ഥാനാര്‍ഥിത്വം പുനപ്പരിശോധിക്കണമെന്ന് പി സരിന്‍ - P SARIN AGAINST RAHUL MAMKOOTATHIL

തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സരിന്‍.

Palakkad bielection  Rahul Mankoottathil  Rahul Gandhi  Congress
Dr. P.sarin (Sarin's FB Account)

By ETV Bharat Kerala Team

Published : Oct 16, 2024, 12:23 PM IST

Updated : Oct 16, 2024, 1:11 PM IST

പാലക്കാട്: പാലക്കാട് സ്ഥാനാര്‍ഥിത്വം പുനപരിശോധിച്ചില്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകില്ല രാഹുല്‍ ഗാന്ധിയാകുമെന്ന് കോണ്‍ഗ്രസിന്‍റെ സാമൂഹ്യമാധ്യമ വിഭാഗം കണ്‍വീനര്‍ ഡോ. പി സരിന്‍. സംഘപരിവാര്‍ ശക്തികളെ തോല്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ആ മനുഷ്യന് തോല്‍വി സംഭവിച്ച് കൂടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയ നടപടിയില്‍ തന്‍റെ അതൃപ്‌തി പരസ്യമായി അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഡോ. സരിന്‍ ആഞ്ഞടിച്ചത്.

പാര്‍ട്ടി തിരുത്തണം

പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ എഐസിസി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും. സിപിഎം കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പ്രവര്‍ത്തകര്‍ വിജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയമാകണം. നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണെന്നും സരിന്‍ ആരോപിച്ചു. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്. തീരുമാനം ഒറ്റക്കെട്ടാകണം. എല്ലാവരും അംഗീകരിക്കുന്ന തീരുമാനം എടുക്കാന്‍ എന്ത് കൊണ്ട് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും സരിന്‍ ചോദിച്ചു. ഈ രീതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും സരിന്‍ മുന്നറിയിപ്പ് നല്‍കി.

അപ്പുറത്തും ഇപ്പുറത്തും നില്‍ക്കുന്നവര്‍ കൈകോര്‍ത്താല്‍ 2026 മറക്കേണ്ടി വരും എന്ന് നേതാക്കള്‍ തിരിച്ചറിയണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്‌തി പ്രകടമാക്കി തന്‍റെ ശരികള്‍ ലോകത്തോട് പറയാന്‍ ആര്‍ജ്ജവമുള്ള വ്യക്തിയാണ് താന്‍. ചില ബോധ്യങ്ങളുടെ പിന്നാലെ സഞ്ചരിക്കാന്‍ തീരുമാനിച്ച ആളാണ് താനെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് പൊതുപ്രവര്‍ത്തനത്തിന്

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും സരിന്‍ അറിയിച്ചു. സിവില്‍ സര്‍വീസ് എഴുതിയെടുത്ത് പത്താം വര്‍ഷം അതുപേക്ഷിക്കുമെന്ന് കാമുകിയോട് പറഞ്ഞിരുന്നു. എന്നാല്‍ ആറര വര്‍ഷത്തില്‍ 33ാം വയസില്‍ താന്‍ അതുപേക്ഷിച്ചു. പൊതുപ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നു അത്.

നേതാക്കള്‍ക്ക് കത്തെഴുതി

അവസരങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് മനുഷ്യര്‍. അത് സ്വയം സൃഷ്‌ടിക്കണം. ആരും കൊണ്ടു തരില്ല. പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും സരിന്‍ അവര്‍ത്തിച്ചു. സ്ഥാനാര്‍ഥിയാകാന്‍ താന്‍ സര്‍വദാ യോഗ്യനാണെന്ന് കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും കത്തെഴുതി.

രാഹുൽ മാങ്കൂട്ടത്തിൽ യോഗ്യനായ സ്ഥാനാർത്ഥിയാണെന്ന് പാർട്ടി ബോധ്യപ്പെടുത്തേണ്ടിയിരുന്നു. കെട്ടിയിറക്കിയതല്ല എന്ന് മനസിലാക്കേണ്ടിയിരുന്നു. ഇത് മുൻകൂട്ടി തീരുമാനിച്ചതാണ്. വെള്ളക്കടലാസിൽ അച്ചടിച്ച് വെച്ചാൽ സ്ഥാനാർത്ഥിയാവില്ല. ജയിലിൽ കിടന്നാൽ മാത്രം ത്യാഗമാകില്ലെന്നും സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ചു. പതിനായിരങ്ങളുടെ ശബ്‌ദമാണ് താനെന്നും സരിൻ അവകാശപ്പെട്ടു.

വിജയസാധ്യതയും തന്ത്രങ്ങളും താന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ ഉപയോഗിച്ച് പാര്‍ട്ടിക്ക് മുഖം സൃഷ്‌ടിക്കാന്‍ ശ്രമിക്കാം. പാലക്കാട്ടെ സാഹചര്യങ്ങള്‍ മനസിലാക്കി സ്ഥാനാര്‍ഥി നിര്‍ണയം നടത്തണമെന്നും താന്‍ നേതാക്കളോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറി. ഇത് ആത്യന്തികമായി തോല്‍വിയിലേക്ക് നയിച്ചേക്കാം. തനിക്ക് തെറ്റുണ്ടെങ്കില്‍ പാര്‍ട്ടിക്ക് തിരുത്താം. പറയാനുള്ളത് പറഞ്ഞിട്ട് പോകുന്ന ആളാണ് താന്‍. തിരുത്താനുള്ള അവസരമുണ്ടോയെന്ന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് പരിശോധിക്കാം. തന്‍റേത് ഭ്രാന്തന്‍ ആശയങ്ങളാണെന്ന് തോന്നാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റ റീലും സ്റ്റോറിയും ഇട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരം. പാര്‍ട്ടി ചിലരുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങിയെന്നും ഷാഫി പറമ്പിലിന്‍റെ പേര് പരാമര്‍ശിക്കാതെ സരിന്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Also Read: രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം: പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, വാര്‍ത്താ സമ്മേളനം വിളിച്ച് സരിന്‍

Last Updated : Oct 16, 2024, 1:11 PM IST

ABOUT THE AUTHOR

...view details