പൂത്തുലഞ്ഞ് കണ്ണൂരിലെ സര്‍ക്കാര്‍ ഓഫിസ് കണ്ണൂര്‍:യൂഫോബിയ, ഓര്‍ക്കിഡ്, അഗ്ലോണിമ, ആന്തൂറിയം... അലങ്കാരത്തോട്ടങ്ങളിലെ കണ്ണിലുണ്ണികളായ ഈ പേരുകാർ അലങ്കാര സസ്യ പ്രേമികൾക്ക് സുപരിചിതരാണ്. അലങ്കാര ചെടികള്‍ ഹരമാകുന്ന കാലത്ത് വീട്ടു മുറ്റത്തും തൊട്ടുകിടക്കുന്ന പൂന്തോട്ടങ്ങളിലും മാത്രമല്ല വീട്, ഓഫീസ് അകത്തളങ്ങളിൽ വരെ ഇക്കൂട്ടർ സ്ഥാനം പിടിക്കുന്നു. വീടുകളിലും ഓഫീസുകളിലും എത്തുന്ന സന്ദര്‍ശകര്‍ അലങ്കാര ചെടികള്‍ ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഈ ഇനങ്ങളുടെ പ്രസക്തി അകത്തളങ്ങളില്‍ വര്‍ധിച്ച് വരികയാണ്.
ചെടികള്‍ കമനീയമായി ഒരുക്കി വിവിധ രൂപത്തിലും വര്‍ണത്തിലും നട്ടു വളര്‍ത്തി ഇലയോ പൂക്കളോ കാണ്ഡമോ പ്രദര്‍ശിപ്പിക്കുന്ന ഇനത്തിലുള്ളവയെയാണ് അലങ്കാര സസ്യങ്ങള്‍ എന്ന് വിളിക്കുന്നത്. അകത്തളങ്ങളെ കമനീയമാക്കുന്നതിന് അമ്പതോളം ഇനങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്.
കേരളത്തിലെ പറമ്പുകളില്‍ കാണുന്ന വന്‍ഡ, കാറ്റ്‌ലിയ തുടങ്ങിയ ഓര്‍ക്കിഡുകള്‍ മുതല്‍ പുല്‍ത്തിട്ടകളില്‍ വളര്‍ത്തുന്ന ബഫല്ലോ ഗ്രാസ്, ചട്ടികളില്‍ വളര്‍ത്തുന്ന റിബണ്‍ ഗ്രാസ്, പെരിക്കോണിയ, സ്‌നേക്ക് പ്ലാന്‍റ്, വിവിധ നിറത്തിലും രൂപത്തിലുമുള്ള മണി പ്ലാന്‍റുകള്‍, അഗ്ലോണിമ ഇനത്തില്‍ പെടുന്ന ഭംഗിയുള്ള ഇലച്ചെടികള്‍, എന്നിവ ഇന്ന് നഴ്‌സറികളില്‍ സുലഭമാണ്. ഓര്‍ക്കിഡിന്‍റെ ഉപജാതികളായ ആറിനങ്ങള്‍ വ്യാപകമായി ആളുകള്‍ നട്ടു വളര്‍ത്തുന്നുണ്ട്. ഡെന്‍ഡ്രോബിയം, വിലകൂടിയ ഇനമായ ഫെനലോസിസ് എന്നിവയും അലങ്കാര സസ്യ പ്രേമികള്‍ക്ക് പ്രിയങ്കരം തന്നെ.
എന്തു വില കൊടുത്തും മനോഹരമായ അലങ്കാര സസ്യങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുമ്പോള്‍ സ്വകാര്യ നഴ്‌സറികള്‍ കേരളത്തിലങ്ങോളമിങ്ങോളം സജീവമാവുകയാണ്. സ്വകാര്യ മേഖല ലാഭം കൊയ്യുന്ന അലങ്കാര ചെടി വില്‍പ്പനയില്‍ സജീവമായി ഇറങ്ങി ശ്രദ്ധേയമാവുകയാണ് കണ്ണൂരിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം. പാലയാട്ടെ സംസ്ഥാന തെങ്ങിന്‍ തൈ ഉത്‌പാദന കേന്ദ്രമാണ് അലങ്കാരച്ചെടികളും വില്‍പ്പനക്ക് ഒരുക്കുന്നത്.
യൂഫോബിയ, ഓര്‍ക്കിഡ്, അഗ്ലോണിമ, ആന്തൂറിയം, എന്നിവയുടെ അമ്പതിലേറെ ഇനങ്ങള്‍ ഈ കേന്ദ്രത്തില്‍ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്. സ്വകാര്യ നഴ്‌സറികളില്‍ ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുളള ചെടികള്‍ വില്‍പ്പന ചെയ്യുന്നുണ്ട്. എന്നാല്‍ മിതമായ നിരക്കിലാണ് ഈ സര്‍ക്കാര്‍ സ്ഥാപനത്തിലെ വില്‍പ്പന. മാതൃചെടി നിലനിര്‍ത്തി അതില്‍ നിന്നും ശാസ്ത്രീയമായി ചെറു തൈകള്‍ ഉത്പ്പാദിപ്പിക്കുകയാണ് ഇവിടുത്തെ രീതി.
12 രൂപ മുതല്‍ 250 രൂപ വരെ വില വരുന്ന അലങ്കാര ചെടികളുടെ തൈകള്‍ ഇവിടെ നിന്ന് ലഭിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാനുളള തൈകളും ഇവിടെ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തില്‍ നിന്നും തെങ്ങിന്‍ തൈകള്‍ക്ക് പുറമെ പച്ചക്കറി തൈകളും കര്‍ഷകര്‍ക്കായി നല്‍കുന്നുണ്ട്. വൈവിധ്യവത്‌കരണത്തിലൂടെ സര്‍ക്കാര്‍ നഴ്‌സറികള്‍ക്ക് മാതൃകയാവുന്ന പാലയാട് കേന്ദ്രം കാലോചിതമായ പരിഷ്‌കരണത്തിലൂടെ ഏറെ വൈകാതെ അലങ്കാര ചെടികളുടെ സുപ്രധാന കേന്ദ്രമായി വളരുമെന്നാണ് പ്രതീക്ഷ.