എറണാകുളം : രാജ്യാന്തര അവയവക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത അവയവദാതാവ് ഷെമീറിനെ ചോദ്യം ചെയ്‌ത് പൊലീസ്. അവയവദാതാക്കളിൽ ഏക മലയാളിയായ പാലക്കാട് സ്വദേശി ഷമീറിനെ കോയമ്പത്തൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അവയവ കടത്ത് റാക്കറ്റിൻ്റെ ഇരയായ ഷമീറിനെ മുഖ്യ സാക്ഷിയാക്കാനാണ് പൊലീസിൻ്റെ നീക്കം. അവയവദാതാക്കളിൽ ആരും പരാതിക്കാരായി ഇല്ലാത്ത കേസിൽ, ഒരു ദാതാവിനെ സാക്ഷിയാക്കുന്നത് കോടതിയിൽ കേസിന് അനുകൂല സാഹചര്യം സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്.
മലയാളിയാണെങ്കിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമായാണ് ഷമീര്‍ താമസിച്ചിരുന്നത്. കേസിൽ ഒടുവിൽ അറസ്‌റ്റിലായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദ് രണ്ട് മാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ഷമീർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അവയവദാതാക്കളെ കണ്ടെത്തി ഇറാനിലെത്തിച്ചിരുന്നത് രാംപ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സംഘമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് ഇറാനിൽ വച്ച് ഷമീർ വൃക്ക നൽകിയത്. ശസ്ത്രക്രിയക്കു ശേഷം ഷെമീറിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. പിടിയിലാകാനുള്ള ഒന്നാംപ്രതി മധു ഇറാനിലാണ്. ഇയാളെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ് പി വൈഭവ് സക്സേന അറിയിച്ചു. കൊച്ചി പൊലീസ് അന്വേഷിക്കുന്ന രാജ്യാന്തര അവയവ കച്ചവട കേസിൻ്റെ ആസ്ഥാനം ഹൈദരാബാദാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. സംഘത്തിലെ മലയാളികളെ അവയവ കച്ചവടത്തിൻ്റെ ഭാഗമാക്കിയത് ഹൈദരാബാദ് സ്വദേശി ബല്ലം കൊണ്ട രാംപ്രസാദാണ്. പിടിയിലായ ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വരികയാണ്.
പ്രധാനമായും അവയവ വില്‍പന നടത്തിയവരും സ്വീകരിച്ചവരും ഹൈദാരാബാദിൽ നിന്നുള്ളവരാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്‌തിരുന്ന ബല്ലം കൊണ്ട രാം പ്രസാദ് അറിയപ്പെട്ടിരുന്നത് ഏലിയാസ് പ്രതാപൻ എന്ന പേരിലാണ്. അഞ്ച് വർഷം മുമ്പാണ് നാല്‍പത്തിയൊന്നുകാരനായ പ്രതാപൻ രാജ്യാന്തര അവയ കച്ചവട റാക്കറ്റുമായി ബന്ധം സ്ഥാപിച്ചത്. ഒരു അവയവ ദാതാവായാണ് അയാൾ റാക്കറ്റിനെ സമീപിച്ചത്. എന്നാൽ പ്രമേഹ രോഗിയായ ഏലിയാസ് പ്രതാപന് ഇതിന് കഴിയാതെ വന്നു. ഇതോടെയാണ് അവയവ കച്ചവടത്തിൻ്റെ ഏജൻ്റാകാൻ പ്രതാപൻ തീരുമാനിച്ചത്.