എറണാകുളം :രാജ്യാന്തര അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം ബെംഗളൂരുവിലേക്കടക്കം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും നിർണായക തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരൻ ഹൈദരാബാദില്‍ നിന്നുള്ള ഡോക്‌ടറാണെന്ന് കേരള പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ശാസ്‌ത്രീയമായാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് എറണാകുളം റൂറൽ എസ്‌പി പറഞ്ഞു. കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എസ്‌പി വൈഭവ് സക്സേന വ്യക്തമാക്കി.
ആവശ്യമെങ്കിൽ മുംബൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഘത്തിലെ ഒരാളെക്കൂടി വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. ഇയാളായിരുന്നു സംഘത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് എന്നാണ് പൊലീസ് അറിയിച്ചത്.
നേരത്തെ പിടിയിലായ തൃശൂർ സ്വദേശി സാബിത്തിൻ്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സജിത്തിനെ കുറിച്ച് വിവരം ലഭിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സജിത്തിനെ പൊലീസ് കസ്റ്റഡിയിലുള്ള സാബിത്തിനൊപ്പം അന്വേഷണ സംഘം ചോദ്യം ചെയ്യും.
അവയവ കച്ചവട സംഘവുമായി ബന്ധമുള്ള കൊച്ചി സ്വദേശിയായ മധുവിനെ കുറിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ ഇറാനിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അതേസമയം പ്രതികൾ കടത്തിയ ഇരുപതുപേരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇറാൻ എംബസിയുടെ സഹായവും അന്വേഷണ സംഘം തേടിയേക്കും.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സാബിത്തിൻ്റെ ചോദ്യം ചെയ്യൽ നാലാം ദിവസവും തുടരുകയാണ്. പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. കസ്റ്റഡി നീട്ടി ചോദിക്കുന്ന കാര്യവും അന്വേഷണ സംഘത്തിൻ്റെ പരിഗണനയിലാണ്. പ്രതിയുടെ ബാങ്ക് രേഖകൾ ഉൾപ്പടെ പരിശോധിച്ച് അവയവ റാക്കറ്റ് സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.