എറണാകുളം: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിട്ടു. സിനിമാ നിർമ്മാണത്തിൽ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ്കോടതിയുടെ നടപടി. ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്നായിരു സിറാജിന്‍റെ പരാതി.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്‌ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ്കോടതി മരവിപ്പിച്ചത്. ചിത്രത്തിനായി ഏഴ് കോടിരൂപയാണ് താന്‍ ചെലഴിച്ചതെന്നാണ് നിര്‍മ്മാണ പങ്കാളിയായ സിറാജ് ആരോപിക്കുന്നത് .
40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു പണം നല്‍കുമ്പോള്‍ പ്രധാന നിര്‍മ്മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍ മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
രജ്യാന്തര തലത്തിൽ ഹിറ്റായ സിനിമ ഇതുവരെ 220 കോടിരൂപ കളക്ഷന്‍ നേടിയെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജിന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി പരിഗണിച്ച് നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു.
ALSO READ:സ്ക്രീനുകളില്‍ മലയാള സിനിമ കാണിക്കില്ലെന്ന് പിവിആര്‍ മാനേജ്മെന്‍റ്: നഷ്‌ടപരിഹാരം കിട്ടാതെ സിനിമ നല്‍കില്ലെന്ന് നിര്‍മാതാക്കളും