കണ്ണൂർ:വഴിയാത്രക്കാരെ പല വർണങ്ങളാൽ സ്വാഗതം ചെയ്യുന്ന ഒരു കെട്ടിടമുണ്ട് കണ്ണപുരത്ത്. വിസ്മയകരമായ രൂപവും മനം കവരുന്ന വര്‍ണ വൈവിധ്യവുമുള്ള ഓര്‍ക്കിഡ് സുന്ദരിമാരുടെ ഒരു കെട്ടിടം. ലസീന ഓർക്കിഡ്സ് എന്നാണ് ആ കെട്ടിടത്തിന്റെ പേര്.
ഓർക്കിഡിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു ഇരിണാവിലുള്ള നാലാമ്പ്രത്ത് വീട്ടിൽ ലസീനയ്ക്ക്. ഇന്ന് തന്റെ നഴ്സറിയിൽ പൂവിട്ട് നിൽക്കുന്ന ഓരോ ഓർക്കിഡ് ഇനത്തിന്റെയും ജന്മവിശേഷങ്ങൾ മുഴുവൻ വിശദമാക്കും ഈ വീട്ടമ്മ.
ലസീന ഓർക്കിഡുകളെ വളർത്തി പഠിച്ചതാണ്. നിറങ്ങളോടുള്ള ഇഷ്ടത്തിൽ നിന്ന് 30 വർഷം മുമ്പ് കണ്ണൂരിലെ ഒരു ഫ്ലവർ ഷോയിലൂടെയാണ് ലസീനയുടെ യാത്ര തുടങ്ങുന്നത്. ഓർക്കിഡുകളോട് അന്ന് തോന്നിയ ഒരിഷ്ടമാണ് 30 വർഷത്തനിപ്പുറം വീട്ടിലും തന്റെ സ്ഥാപനത്തിലും ആയി പരന്നു കിടക്കുന്നത്.
ടെൻട്രോബിയം എന്ന ഇനത്തിന്റെ അഞ്ച് ചെടികളിൽ നിന്നാണ് ലസീന തന്റെ യാത്ര ആരംഭിച്ചത്. ഓർക്കിഡുകളെ വളർത്താൻ ടെൻഡ് കെട്ടി ഒരിടം ഒരുക്കി. 500 മുതൽ 1000 ചെടികൾ വരെ എത്തിച്ചു. ഇന്ന് 5000ത്തിലധികം ചെടികൾ ലസീനയുടെ വീട്ടിൽ ഉണ്ട്.