നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട് തിരുവനന്തപുരം: സംസ്ഥാനത്തെ ധന പ്രതിസന്ധി സംബന്ധിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും ഇഴ കീറി നടത്തിയ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ധന പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം നോട്ടിസ് നല്‍കിയ അടിയന്തിര പ്രമേയം നിയമസഭ തള്ളി.
സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ കാരണം സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും കെടു കാര്യസ്ഥതയുമാണെന്നും ഇതു മറയ്ക്കാന്‍ എല്ലാം കേന്ദ്രത്തിൻ്റെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാനാണ് ധനമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നതെന്നാരോപിച്ച് ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും കെടു കാര്യസ്ഥതയും കാരണം സംസ്ഥാനം നേരിടുന്ന കടുത്ത ധനപ്രതിസന്ധി സഭാ നടപടികള്‍ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോണ്‍ ശൂന്യ വേളയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിരുന്നു.
എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരമായി മാത്രം പ്രതിപക്ഷം ഇതിനെ കാണുകയും ഇതിന്‍റെ യഥാര്‍ത്ഥ ഉത്തരവാദികളായ കേന്ദ്രത്തിനെതിരെ ഒന്നും പറയാന്‍ അവര്‍ തയ്യാറല്ലെന്നും നോട്ടിസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. പ്രതിപക്ഷം ഇത്തരത്തില്‍ ഒരു പ്രമേയവുമായി വന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചതോടെ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുകയായിരുന്നു.
ഉച്ചയ്ക്ക് 1 മണി മുതല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചര്‍ച്ച മൂന്നു മണിക്കൂറോളം നീണ്ടു. ഒടുവില്‍ ധനമന്ത്രിയുടെ മറുപടിയില്‍ തൃപ്‌തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രമേയം സഭ തള്ളുകയും ചെയ്‌തു. സംസ്ഥാനത്തിന് കേന്ദ്രം 57000 കോടി നല്‍കാനുണ്ടെന്ന പതിവു വാദത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉറച്ചു നിന്നു. പതിനാലാം ധനകാര്യ കമ്മിഷന്‍റെ വിഹിതം അനുസരിച്ച് പതിനഞ്ചാം ധനനാര്യ കമ്മിഷന്‍ വിഹിതം 3.8 ശതമാനമായിരുന്നെങ്കില്‍ സംസ്ഥാനത്തിനു കോടികള്‍ കിട്ടുമായിരുന്നു.
കേന്ദ്രം വരുത്തുന്ന ഇത്തരം അവഗണനകള്‍ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരവും രംഗത്തു വന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസിനു മാത്രം ഇക്കാര്യത്തില്‍ മനം മാറ്റം വരാത്തതെന്തു കൊണ്ടാണെന്ന് ധനമന്ത്രി ചോദിച്ചു. ട്രഷറി അടഞ്ഞു കിടക്കുകയെന്ന പ്രതിപക്ഷ ആരോപണം തള്ളിയ ധനമന്ത്രി ട്രഷറിയില്‍ പൂച്ചപെറ്റു കിടക്കുകയല്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് 57000 കോടി രൂപ ലഭിക്കാനുണ്ടെന്ന ധനമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
പ്രധാനമന്ത്രിക്ക് ധനമന്ത്രി ബാലഗോപാല്‍ അയച്ച കത്തില്‍ സംസ്ഥാനത്തിനു ലഭിക്കാനുള്ളത് 3000 കോടിയാണെന്നാണ് പറയുന്നത്. അടുത്തയിടെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അദ്ദേഹത്തിന്‍റെ ഫോസ് ബുക്ക് പോസ്റ്റില്‍ സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ളത് 5132 കോടി രൂപയാണെന്നാണ്. എന്നാല്‍ ഇതെല്ലാം മറച്ചു വെച്ച് ധനമന്ത്രി നിയമസഭയില്‍ വന്ന് 57000 കോടിയാണെന്നു പറയുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാരം നമ്മള്‍ സമ്മതിച്ചത് 5 വര്‍ഷത്തേക്കാണ്. അഞ്ചു വര്‍ഷം കഴിഞ്ഞ ശേഷം ജിഎസ്‌ടി നഷ്‌ടപരിഹാരം വേണമെന്നു പറയുന്നതില്‍ ഒരു യുക്തിയുമില്ല.
14 ശതമാനത്തിനു മുകളില്‍ ജിഎസ്‌ടി വരുമാന വളര്‍ച്ചയുണ്ടായാല്‍ ജിഎസ്‌ടി നഷ്‌ടപരിഹാരത്തിന് അര്‍ഹതയില്ല. സംസ്ഥാനം പറയുന്നത് 20 ശതമാനം ജിഎസ്‌ടി വളര്‍ച്ചയുണ്ടായെന്നാണ്. ഇതൊരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും നമുക്ക് ജിഎസ്‌ടി നഷ്‌ടപിഹാരത്തിന് അര്‍ഹതയില്ല. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും സതീശന്‍ ആരോപിച്ചു. രാജ്യം ജിഎസ്‌ടിയിലേക്കു മാറിയപ്പോള്‍ അതിനനുസരിച്ച് കേരളം ജിഎസ്‌ടിയിലേക്ക് മാറുന്നതില്‍ വരുത്തിയ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് പ്രമേയത്തിനു നോട്ടിസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു.