കേരളം

kerala

ETV Bharat / state

'സപ്ലൈകോയെ ദയാവധത്തിലേക്ക് തള്ളിവിടുന്നു' ; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട് - സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍

സപ്ലൈകോയെ ദയാവധത്തിലേക്ക് സർക്കാർ തള്ളിയിടുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ, പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് ഭക്ഷ്യമന്ത്രി, നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്.

Supplyco issue  Opposition walk out in assembly  നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്  നിയമസഭ  സപ്ളൈകോ
Supplyco issue : Opposition walk out in assembly

By ETV Bharat Kerala Team

Published : Feb 13, 2024, 1:03 PM IST

തിരുവനന്തപുരം :നിത്യോപയോഗ സാധനങ്ങൾ ഔട്ട് ലെറ്റുകളിൽ ലഭ്യമാക്കാതെ സപ്ലൈകോയെ ദയാവധത്തിലേക്ക് തള്ളിവിടുകയാണെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്. അതേസമയം 13 ഇനം സബ്‌സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ സമ്മതിച്ചു. കേന്ദ്രം നൽകേണ്ട 57000 കോടി രൂപ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സപ്ലൈകോ തകർന്നുവെന്ന് വരുത്തി ഗ്രാമപ്രദേശങ്ങളിലെ ചില്ലറ വിൽപ്പന മേഖല കയ്യടക്കാൻ കാത്തിരിക്കുന്ന കുത്തകകൾക്ക് പ്രതിപക്ഷം കൂട്ടുനിൽക്കരുതെന്ന് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. സപ്ലൈകോ എന്ന പൊതുമേഖലാ സ്ഥാപനം തകരാൻ പാടില്ലെന്നും ഇപ്പോഴത്തെ പ്രയാസങ്ങൾ താത്കാലികമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷമല്ല, ഭരണപക്ഷത്തിന്‍റെ മുൻനിരയിൽ ഇരിക്കുന്നവരാണ് സപ്ലൈകോയെ തകർക്കാൻ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ പറഞ്ഞു. മന്ത്രി എത്ര കത്തെഴുതിയിട്ടും ധനവകുപ്പ് പണം നൽകാൻ തയ്യാറാകുന്നില്ല. ആരാണ് ഈ വകുപ്പിനോട് ഈ നയം വച്ച് പുലർത്തുന്നത് എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. കെഎസ്ആർടിസി യുടെ റൂട്ടിലൂടെ സപ്ലൈകോയെ ഓടിച്ച് ദയാവധത്തിന് ഈ പൊതുമേഖലാ സ്ഥാപനത്തെ വിടരുതെന്നും ഷാഫി പറഞ്ഞു.

സപ്ലൈകോയുടെ ചരിത്രത്തിൽ ആദ്യമായാണ് 3000 കോടി രൂപയുടെ ബാധ്യതയിലേക്ക് ഈ സ്ഥാപനം കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. 3000 കോടി രൂപയുടെ ബാധ്യതയുള്ള സ്ഥാപനത്തിന് ഇപ്പോഴത്തെ ബജറ്റിൽ 273 കോടി രൂപ മാത്രമാണ് നീക്കിവച്ചത്. 2022-23 ബജറ്റിൽ 170 കോടി രൂപ മാറ്റി വച്ചിട്ട് ഒരു പൈസ പോലും കൊടുത്തില്ല. സപ്ലൈകോയെ തകർത്ത് സർക്കാർ ദയാവധം വിധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭവിട്ടത് കാട്ടാന വിഷയത്തില്‍ :കഴിഞ്ഞദിവസം, വയനാട് കാട്ടാന ആക്രമണ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു.മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി സർക്കാരും വനം വകുപ്പുമാണെന്നായിരുന്നു പ്രതിപക്ഷവാദം. ' വനം വകുപ്പിന്‍റെ അനാസ്ഥയെ തുടര്‍ന്നാണ് അജി എന്ന ട്രാക്‌ടർ ഡ്രൈവറെ കാട്ടാന ആക്രമിച്ചത്. അടിക്കടി ഇത്തരം ആക്രമണങ്ങളുണ്ടാകുമ്പോൾ യോഗം വിളിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും' അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചിരുന്നു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി പൊലീസും റവന്യൂ, വനം വകുപ്പുകളും ചേർന്ന് കൺട്രോൾ റൂം ആരംഭിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ആന എത്തിയത് സംബന്ധിച്ച സിഗ്നൽ ലഭിക്കുന്നതിന് മൂന്നുമണിക്കൂർ കാലതാമസമുണ്ടായതില്‍ കർണാടക സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. സംഭവം അറിഞ്ഞ ഉടനെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ വനം ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു.

വനത്തിനും വന്യജീവികൾക്കും സംരക്ഷണം നൽകുക എന്നതാണ് വനം മന്ത്രിയുടെ ചുമതല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് സർക്കാരിൻ്റെ കടമ. ഇതിനുരണ്ടിനും ഇടയിൽ നിന്നാണ് വനം മന്ത്രിയും വനം വകുപ്പും പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വന്തം ജീവൻ പോലും അവഗണിച്ചാണ് വനം വകുപ്പ് ജീവനക്കാർ പ്രവർത്തിക്കുന്നത്.

ALSO READ : റേഷൻ കടകളിലെ മോദി സെൽഫി പോയിന്‍റ്; തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

അവരും മനുഷ്യരാണ്. ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൈകാരികമായി പെരുമാറുന്നതിൽ നിന്ന് എംഎൽഎമാർ ഉൾപ്പടെയുള്ളവർ മാറി നിൽക്കണം. അത് വനം ജീവനക്കാരുടെ മനോവീര്യം തകർക്കും. പ്രഖ്യാപിച്ച എല്ല നഷ്‌ടപരിഹാര ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്നും സർക്കാർ അജിയുടെ കുടുംബത്തോടൊപ്പമാണെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details