തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്‌റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ഇന്നലെ ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതു സംബന്ധിച്ച് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു.
1. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എഡിജിപി കണ്ടത് എന്തിന്?
2. ആര്‍എസ്എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്?
3. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത്?
4. ഇതേ എഡിജിപിയെ ഉപയോഗിച്ച് ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്?
5. പ്രതിപക്ഷത്തിനൊപ്പം എല്‍ഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?
6. കോവളത്ത് റാം മാധവ് - എഡിജിപി കൂടിക്കാഴ്‌ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ?
7. പത്ത് ദിവസമായി ഒരു സിപിഎം എംഎല്‍എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ?
പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെടെ ചോദിക്കുന്ന കാതലായ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒളിച്ച് കളിക്കുകയാണ് മുഖ്യമന്ത്രി നിങ്ങള്‍. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്‍റെ പ്രസ്‌താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും വിഡി സതീശൻ പറഞ്ഞു.
പിണറായി ആർഎസ്എസ് പിന്തുണയിൽ നിയമസഭയിൽ എത്തിയ എംഎൽഎ:1977ല്‍ ആര്‍എസ്എസിന്‍റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എയായിരുന്നു പിണറായി വിജയന്‍. അന്ന് ഉദുമയിലെ സിപിഎം-ആര്‍എസ്എസ് സംയുക്ത സ്ഥാനാര്‍ഥിയായിരുന്നില്ലേ ആര്‍എസ്എസ് നേതാവ് കെജി മാരാര്‍. അതേ കെജി മാരാര്‍ ഇഎംഎസിന് ബാഡ്‌ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്‍റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോ? എന്ന് അദ്ദേഹം ചോദിച്ചു.
1989ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വിപി സിങ്ങിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവെച്ച് കൊണ്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്‌തിട്ടില്ലെന്നും സിപിഎം വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പറയുന്നതെന്ന് വിഡി സതീശൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം-ബിജെപി സഖ്യം:കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്‍റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബിജെപിയുമായി സിപിഎം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിന് പകരമായല്ലേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത്? എന്നും അദ്ദേഹം ചോദിച്ചു.
'തൃശൂര്‍ പൂരം കലക്കി ബിജെപിയെ തൃശൂരില്‍ ജയിപ്പിച്ച് പിണറായി വിജയന്‍ വാക്ക് പാലിച്ചതോടെ കരുവന്നൂരിലെ ഇഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവുമൊക്കെ മരവിച്ചില്ലേ? ഇതൊക്കെ പൊതുമധ്യത്തിലുള്ള വസ്‌തുതകളാണ് മുഖ്യമന്ത്രി' - വിഡി സതീശൻ പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പരിപാടിയില്‍ താൻ പങ്കെടുത്തതിനെ കുറിച്ച് എങ്ങും തൊടാതെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പുസ്‌തക പ്രകാശന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പങ്കെടുത്തിട്ടുണ്ട്. അതിന്‍റെ ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. 2013 ല്‍ വിചാര കേന്ദ്രം ഡയറക്‌ടറായിരുന്ന പി പരമേശ്വരന്‍ എഴുതിയ 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന പുസ്‌തക പ്രകാശന ചടങ്ങിലാണ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ചടങ്ങില്‍ പി പരമേശ്വരനും ഉണ്ടായിരുന്നു.
ഇതേ പുസ്‌തകം പല ജില്ലകളില്‍ പ്രകാശനം ചെയ്‌തിരുന്നു. അതിന്‍റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്, മാതൃഭൂമി മാനേജിങ് ഡയറക്‌ടറായിരുന്ന എംപി വീരേന്ദ്രകുമാറിന്‍റെ ക്ഷണ പ്രകാരം ഞാനും പങ്കെടുത്തത്. വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞത്.
Also Read:'എഡിജിപി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതന്‍, സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ഹിന്ദുക്കളെ കബളിപ്പിച്ചു': വിഡി സതീശന്‍
തലശേരി കലാപം കെട്ടുകഥ:തലശേരി കലാപമെന്ന കെട്ടുകഥ പിടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതല്ലേ. പിടിയുടെ പ്രസംഗം ഇപ്പോഴും സഭാ രേഖയിലുണ്ടല്ലോ? കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്‌റ്റിസ് വിതയത്തിലിന്‍റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്‍റെ പേര് പോലും ഉണ്ടായിരുന്നില്ലല്ലോ. സത്യം ഇതായിരിക്കെ ആരെ കബളിപ്പിക്കാനാണ് സിപിഎം ഇപ്പോഴും തലശേരി കലാപത്തെ ഉപയോഗിക്കുന്നത്? എന്ന് വിഡി സതീശൻ ചോദിച്ചു.
ബിജെപിയെയും ആര്‍എസ്എസിനെയും ഇന്ത്യയില്‍ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്‍റെ നേതൃസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ, ബിജെപിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിരന്തരം അപമാനിച്ച ആളാണ് പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും.
കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്‌റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത്? സംഘപരിവാറിന് എതിരായ കോണ്‍ഗ്രസിന്‍റെ പോരാട്ടത്തിന് പിണറായി വിജയന്‍റെ സ്‌റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സിപിഎമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും വിഡി സതീശന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.