കേരളം

kerala

ETV Bharat / state

'മോദി വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പ്രസംഗിക്കുന്നു'; മോദിക്കും പിണറായിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് - Opposition Leader slams PM and CM - OPPOSITION LEADER SLAMS PM AND CM

പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച് വിഡി സതീശന്‍. വിദ്വേഷത്തിന്‍റെ ക്യാംപെയ്‌നാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും ഈ വര്‍ഗീയ അജണ്ടയ്‌ക്ക് എതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും സതീശൻ.

VD SATHEESAN  VD SATHEESAN AGAINST MODI  മോദി വര്‍ഗീയത  പിണറായി
Opposition Leader slams Narendra Modi and Pinarayi Vijayan

By ETV Bharat Kerala Team

Published : Apr 22, 2024, 8:45 PM IST

വിഡി സതീശന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം : ബിജെപിക്ക് ഭയം തുടങ്ങിയെന്നും അതിന്‍റെ ഭാഗമായാണ് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത രാജസ്ഥാനില്‍ മോദി പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷം ചീറ്റുകയാണ്. തെരഞ്ഞെടുപ്പിന്‍റെ പ്രധാന ഘട്ടത്തില്‍ വിദ്വേഷത്തിന്‍റെ ക്യാംപെയ്‌നാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും ഈ വര്‍ഗീയ അജണ്ടയ്‌ക്ക് എതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും വിഡി സതീശൻ പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയും ബിജെപിയും ഇപ്പോൾ പറയുന്നത് 300 സീറ്റ് കിട്ടുമെന്നാണ്. തിരുവനന്തപുരത്തെ പ്രസംഗത്തിൽ മോദി പ്രവര്‍ത്തകരോട് പറഞ്ഞത് നിങ്ങള്‍ പേടിക്കേണ്ട, നമ്മള്‍ അധികാത്തില്‍ വരും എന്നാണ്. മന്‍മോഹന്‍ സിങ് പറഞ്ഞത് സമ്പത്തിന്‍റെ നീതിപൂര്‍വകമായ വിതരണം വേണമെന്നും സമ്പത്തിന്‍റെ നീതി പൂര്‍വകമായ വിതരണം നടന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും എന്നുമാണ്.

മന്‍മോഹന്‍ സിങ് നടത്തിയ പ്രസംഗമാണ് നരേന്ദ്ര മോദി ദുര്‍വ്യാഖ്യാനം ചെയ്‌ത് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ക്രൈസ്‌തവരെ ചേര്‍ത്ത് പിടിക്കുമെന്ന് തിരുവനന്തപുരത്ത് വന്ന് പറയുമ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ ക്രൈസ്‌തവ ദേവാലയങ്ങളും ക്രൈസ്‌തവരും ആക്രമിക്കപ്പെടുകയാണ്.

മുന്നൂറോളം പള്ളികൾ മണിപ്പൂരില്‍ കത്തിച്ചു. നൂറ് കണക്കിന് പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ പലായനം നടത്തുകയും ചെയ്‌തു. തൃശൂരില്‍ കല്യാണത്തിന് വന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. രാഹുല്‍ ഗാന്ധി മാത്രമാണ് മണിപ്പൂരില്‍ പോയി സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിച്ചത്.

വൈദികരും പാസ്‌റ്റര്‍മാരും ഉൾപ്പെടെ നിരവധി പേർ ജയിലുകളിലാണ്. കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പീഡനമേറ്റ് ജയിലില്‍ മരണപ്പെട്ട ഫാദര്‍ സ്‌റ്റാന്‍ സാമിയുടെ എന്‍പത്തി ഏഴാം ജന്മദിനാണ്. ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാന്‍ സാധിക്കാത്ത ആളെയാണ് ക്രൂരമായ വിധിക്ക് വിധേയമാക്കിയത്.

ബിജെപി ഇന്ന് നല്‍കിയ പരസ്യത്തില്‍ ആരോപിച്ചിരിക്കുന്നത് സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ യുഡിഎഫും കോണ്‍ഗ്രസും മിണ്ടിയില്ലെന്നാണ്. കോണ്‍ഗ്രസും യുഡിഎഫുമാണ് സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചതും സമരം നടത്തിയതും. കെഎസ്‌യു മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ നിരാഹാര സമരം ആരംഭിച്ചതിന്‍റെ ആറാം നാളാണ് കേസ് സിബിഐക്ക് കൈമാറിയത്.

ബിജെപി മാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണമാണ് നടത്തുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണത്തിലേക്കാണ് പ്രതിപക്ഷത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ബിജെപി പോകുന്നത്. വടക്കേ ഇന്ത്യയിലേതിന് സമാനമായി തിരുവനന്തപുരത്തും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ സൂചനകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പരാതി നല്‍കിയത്.

ഇലക്‌ടറല്‍ ബോണ്ട് വിഷയത്തില്‍ ബിജെപി അഴിമതി കാട്ടിയെന്ന് പോസ്‌റ്റിട്ട ആള്‍ക്കെതിരെ മോദിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നെന്ന് കാട്ടി പിണറായിയുടെ പൊലീസ് കേരളത്തില്‍ കേസെടുക്കുകയാണ് ചെയ്യുന്നത്. വര്‍ഗീയതയാണ് ബിജെപി സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും പൊലീസ് കേസെടുത്തു.

അതേസമയം പ്രതിപക്ഷ നേതാവ് നല്‍കിയ 9 പരാതികളിലും കേസെടുത്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത് താൻ പോലും പറയാത്ത കടുത്ത ഭാഷയിലാണെന്ന് നരേന്ദ്ര മോദി പോലും പറഞ്ഞു. പിണറായി രാഹുല്‍ ഗന്ധിയെ വിമര്‍ശിക്കുന്നത് മോദിയെ സന്തോഷിപ്പിക്കാനാണ്. പിണറായി വിജയനെ അത് കൊണ്ടാണ് കസവ് കെട്ടിയ പേടിത്തൊണ്ടനാണെന്ന് പറഞ്ഞത്. ബിജെപിയാണ് അഞ്ച് വര്‍ഷം മുന്‍പ് വയനാട്ടില്‍ പതാക വിവാദമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ പതാക വിവാദം ഉണ്ടാക്കുന്നത്. ബിജെപിയെ പോലെ വര്‍ഗീയ ധ്രുവീകരണം നടത്താനാണ് പിണറായി വിജയനും ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പോയ എല്ലായിടത്തും കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും കൊടികളുണ്ട്. ഓരോ പ്രചാരണത്തിലും കൊടി പിടിക്കണോ പ്ലക്കാര്‍ഡ് പിടിക്കണോ എന്ന് പിണറായി വിജയനും എകെജി സെന്‍ററും തീരുമാനിക്കേണ്ടെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് വര്‍ഷമായി ബിജെപി നടത്തിയ പ്രചരണം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ 35 ദിവസമായി രാഹുല്‍- കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണമാണ് നടത്തുന്നത്. മുഖ്യമന്ത്രി പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് വോട്ട് ചെയ്‌തില്ലെന്നും രാഹുല്‍ ഗാന്ധി വിദേശത്താണെന്നുമുള്ള പച്ചക്കള്ളമാണ് പറഞ്ഞത്. രാഹുല്‍ ഗാന്ധി കോഴിക്കോട് നടത്തിയ 40 മിനിറ്റ് പ്രസംഗത്തിൽ 38 മിനിട്ടും ബിജെപിക്കെതിരെയാണ് പറഞ്ഞത്.

ഇഡിയും സിബിഐയും സംഘപരിവാറിനെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളെയും വേട്ടയാടുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. അതിനെയാണ് മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചെന്ന് സിപിഎം പ്രചരിപ്പിക്കുന്നതെന്നും നുണ ആവര്‍ത്തിച്ച് പറയുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നതെന്നും തെരഞ്ഞെടുപ്പ് അജണ്ട പൗരത്വ നിയമത്തെ കുറിച്ച് മാത്രമാക്കി മാറ്റി സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരുതെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. യുഡിഎഫിന് അനുകൂലമായ വലിയൊരു തരംഗം കേരളത്തിലുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

Also Read :'കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സ്വത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും' : പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധം കടുക്കുന്നു - PM Modi Communal Remark

ABOUT THE AUTHOR

...view details