വയനാട്: കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ കണ്ടെത്തി മയക്കുവെടി വയ്ക്കാനുള്ള വനംവകുപ്പിന്‍റെ ശ്രമം ആരംഭിച്ചു (Operation Belur Makhna). റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നതിനനുസരിച്ച് ആദ്യം ട്രാക്കിങ് വിദഗ്‌ധര്‍ ദൗത്യത്തിന് ഇറങ്ങും. ഓപ്പറേഷനായി കൂടുതൽ വനപാലകരെയും സ്ഥലത്തെത്തിക്കും.
നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ റാപ്പിഡ് റെസ്‌പോൺസം സംഘം സ്ഥലത്ത് എത്തും. കാട്ടാന നിലവിൽ മണ്ണുണ്ടി കോളനി പരിസരത്തെ വനത്തിൽ ആന ഉണ്ടെന്നാണ് നിഗമനം. ഇന്നലെ രാത്രിയോടെ ലഭിച്ച സിഗ്നലിന്‍റെ അടിസ്ഥാനത്തിലാണ് ഈ അനുമാനം. ഇന്നലെ രാത്രിയില്‍ വനം വകുപ്പിന്‍റെ 13 ടീമും, പൊലീസിന്‍റെ അഞ്ച് ടീമും പട്രോളിങ് നടത്തിയിരുന്നു. കൂടാതെ അവിടെ നൈറ്റ് വിഷൻ ഡ്രോൺ നിരീക്ഷണവും നടത്തി.
ആനയുമായി ബന്ധപ്പെട്ടുള്ള സിഗ്നല്‍ രാവിലെ 8 30 യോടെ വീണ്ടും ലഭിച്ചിട്ടുണ്ട്. മണ്ണുണ്ടി കോളനിയില്‍ നിന്ന് ഏകദേശം 3 കി.മീ വനത്തിനുള്ളിലായാണ് ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ആനയുടെ സാന്നിധ്യമുള്ള തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുങ്കിയാനകളുടെ പുറത്ത് കയറി ഈ ആനയുടെ അടുക്കലേക്ക് എത്തി മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘം ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്ന് മറ്റൊരു മാര്‍ഗത്തിലൂടെയാകും ഓപ്പറേഷൻ നടത്തുകയെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിൻ നോവല്‍ പറഞ്ഞു. 300 മീറ്റര്‍ പരിതിക്കുള്ളില്‍ വനപാലകർ എത്തിയാല്‍ ആന്‍റിന സിഗ്നല്‍സ് ലഭിക്കും അതിനനുസരിച്ച് ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കി മയക്കുവെടി വയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.