കോഴിക്കോട്:വ്യാജ അറസ്റ്റ് ഭീഷണിയിലൂടെ സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായത്. തട്ടിപ്പിനെ തുടര്‍ന്ന് 3,39,213 രൂപ നഷ്‌ടപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കി.
വീട്ടില്‍ ഇരുന്ന് ഓണ്‍ലൈനായി ജോലി ചെയ്യുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പുകാര്‍ ഇവരില്‍ നിന്നും പണം കൈക്കലാക്കിയത്. യുവതി അയച്ച പാര്‍സലില്‍ നിന്നും എംഡിഎംഎ പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇവര്‍ക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്.
മുംബൈ പൊലീസില്‍ നിന്നാണ് വിളിക്കുന്നതെന്നും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും തട്ടിപ്പുകാര്‍ അറിയിച്ചു. അതിനിടെ യുവതി ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ഇവര്‍ക്ക് കൈമാറി. തുടര്‍ന്ന് കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് തട്ടിപ്പുകാര്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.