കേരളം

kerala

ETV Bharat / state

ഓഹരി വിപണി നിക്ഷേപ തട്ടിപ്പ്; 4 പേര്‍ അറസ്റ്റില്‍ - ONLINE FRAUD CASE Arrest - ONLINE FRAUD CASE ARREST

തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പണം തട്ടിയത് കംബോഡിയയിലെ കോള്‍ സെന്‍റര്‍ മുഖേന.

ONLINE FRAUD CASE ACCUSED ARRESTED  STOCK MARKET INVESTMENT FRAUD  ഓണ്‍ലൈന്‍ തട്ടിപ്പ്  ഓഹരി വിപണി നിക്ഷേപ തട്ടിപ്പ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 10:35 PM IST

തിരുവനന്തപുരം: ഓഹരി വിപണി നിക്ഷേപ തട്ടിപ്പ് കേസില്‍ 4 പേര്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37), കോഴിക്കോട് വടകര ഇരിങ്ങല്‍ സ്വദേശി സാദിക്ക് (24), തൃശൂര്‍ പൂക്കോട് സ്വദേശി നന്ദുകൃഷ്‌ണ (21) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിലാണ്‌ ഇവര്‍ പിടിയിലായത്‌. പരാതിക്കാരനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ഓഹരി വിപണിയില്‍ ലാഭം നേടുന്നതിന് സഹായകരമായ രീതിയില്‍ ഉപദേശം നല്‍കി വിശ്വാസം ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ മാസം പരാതിക്കാരനില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്തത്.

പരാതിക്കാരനും പ്രതികളും തമ്മിലുള്ള വാട്‌സ്‌ആപ്പ്‌ ചാറ്റുകള്‍ വിശകലനം ചെയ്‌ത്‌ നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യം ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയത് ഇന്ത്യയ്ക്ക് വെളിയിലാണെന്ന് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ നിധിന്‍ രാജിന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്‍റ്‌ കമ്മിഷണര്‍ സിഎസ് ഹരിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്.

എസ്‌ഐമാരായ ഷിബു വി, സുനില്‍ കുമാര്‍ എന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബെന്നി ബി, പ്രശാന്ത് പിഎസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിപിന്‍ വി, രാകേഷ് ആര്‍, മണികണ്‌ഠന്‍ എസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്‌ടപ്പെടുന്ന തുക സംസ്ഥാനത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി.

മലയാളികളായ ചിലര്‍ തട്ടിപ്പുകാരുമായി കമ്മിഷന്‍ തുക പറഞ്ഞുറപ്പിച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുന്നതായും അക്കൗണ്ടില്‍ വരുന്ന പണം പിന്‍വലിച്ച് കമ്മിഷന്‍ തുകയെടുത്ത ശേഷം ബാക്കി പണം ഏജന്‍റ്‌ മുഖേന കൈമാറുന്നതായും കണ്ടെത്തി. ചില അക്കൗണ്ട് ഉടമസ്ഥര്‍ പണം കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് നമ്പര്‍ ലിങ്ക് ചെയ്‌ത സിം കാര്‍ഡും വില്‍പ്പന നടത്തുന്നതും അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു.

കംബോഡിയയിലെ കോള്‍ സെന്‍റര്‍ മുഖാന്തിരം കുറ്റകൃത്യം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുന്ന മലപ്പുറം പാപ്പന്നൂര്‍ സ്വദേശി മനുവിന്‍റെ പ്രധാന സഹായിയാണ് അറസ്റ്റിലായ സാദിക്. ആകര്‍ഷകമായ കമ്മിഷന്‍ വാഗ്‌ദാനം ചെയ്‌ത്‌ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്ത് അതിലൂടെ പണം തട്ടിയെടുക്കുന്നത് ഇയാളാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന പണം ഡിജിറ്റല്‍ കറന്‍സിയായി മാറ്റി കംബോഡിയയിലേയ്ക്ക് അയയ്ക്കുന്നത് ഷെഫീക്ക് ആണ്.

പണം തട്ടിയെടുക്കുന്നതിന് കമ്മിഷന്‍ കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ കൈമാറിയതിനാണ് സാദിക്ക്, നന്ദുകൃഷ്‌ണ എന്നിവര്‍ അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്‌തു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടന്നുവരുന്നതായി തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

ALSO READ:വാഹനങ്ങള്‍ക്ക് വ്യാജ ഇൻഷുറൻസ് രേഖ ചമച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ABOUT THE AUTHOR

...view details