തൃശൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂരിൽ പുലിക്കളി നടത്താൻ തീരുമാനം. ഇന്ന് (ഓഗസ്റ്റ് 24) ചേർന്ന തൃശൂർ കോർപ്പറേഷൻ യോഗത്തിലാണ് അന്തിമ തീരുമാനമായത്. പുലിക്കളി സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കാനും കോർപ്പറേഷൻ യോഗത്തിൽ ധാരണയായി. ഇത്തവണത്തെ നാലാം ഓണത്തിനും സ്വരാജ് റൗണ്ട് പുലികൾ കീഴടക്കും.
പുലിക്കളി സംഘങ്ങളുടെയും പ്രേമികളുടെയും പരാതികളെ തുടർന്ന് ജില്ലയിലെ മന്ത്രിമാർ കൂടി ഇടപെട്ടതോടെയാണ് പുലിക്കളി നടത്താൻ തടസമില്ലന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചത്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ട തൃശൂർ കോർപ്പറേഷൻ്റെ നിലപാട് നിർണായകമായതോടെയാണ് ഇന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം ചേർന്ന് പുലിക്കളി നടത്താൻ തീരുമാനിച്ചത്.
പുലിക്കളി നടത്തണമെന്ന് ആവശ്യപ്പെട്ട് യോഗത്തിന് മുന്നോടിയായി ബിജെപി അംഗങ്ങൾ പുലിമുഖങ്ങൾ ധരിച്ചാണ് കൗൺസിലിന് എത്തിയത്. ഒൻപത് സംഘങ്ങൾ മുൻപ് പുലിക്കളിക്കായി രജിസ്റ്റർ ചെയ്‌തിരുന്നെങ്കിലും ഇത്തവണ ആറ് സംഘങ്ങൾ മാത്രമാകും മത്സരത്തിനിറങ്ങുക. കോർപ്പറേഷൻ തീരുമാനം വൈകിയതോടെ സ്പോൺസർഷിപ്പ് പ്രശ്‌നങ്ങൾ അടക്കം നേരിട്ട മറ്റ് മൂന്ന് സംഘങ്ങൾ പിൻവാങ്ങുകയായിരുന്നു.
ഇതിനെ തുടർന്ന് സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളുടെ യോഗം വിളിക്കാനും കോർപ്പറേഷൻ തീരുമാനിച്ചു. വിവിധ സംഘങ്ങൾക്കുള്ള ധനസഹായത്തിൽ ഇത്തവണയും തടസമുണ്ടാകില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ പുലിക്കളി ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ എന്നും മേയർ എംകെ വർഗീസ് അറിയിച്ചു.
Also Read:തൃശൂരിൽ ഇത്തവണയും പുലികൾ ഇറങ്ങും; അനുമതി നൽകി സർക്കാർ ഉത്തരവിറക്കി