തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച വായ്‌പ പരിധിയില്‍ നിന്ന് 1500 കോടി രൂപ ഓണക്കാലത്തെ നിത്യദാന ചെലവുകള്‍ക്ക് കേരളം കടമെടുക്കുന്നു. സെപ്‌തംബര്‍ 10ന് കടമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ ആവശ്യപ്രകാരം കേന്ദ്രം അനുവദിച്ച 4200 കോടി രൂപയുടെ ആദ്യ ഘട്ടമായാണ് 1500 കോടി കടമെടുക്കുന്നത്.
ഓണച്ചെലവുകള്‍ക്കായി 5000 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതെങ്കിലും അക്കൗണ്ടന്‍റ് ജനറലിനു സമര്‍പ്പിച്ച പബ്ലിക് അക്കൗണ്ടിലെ കണക്കുള്‍ പരിശോധിച്ച ശേഷം 4200 രൂപ കടമെടുക്കാന്‍ കേന്ദ്രം കേരളത്തിന് അനുമതി നല്‍കുകയായിരുന്നു. പബ്ലിക് അക്കൗണ്ടിലെ നിക്ഷേപത്തിന്‍റെ അന്തിമ കണക്കു കൂടി പരിശോധിച്ച ശേഷമാണ് കേരളത്തിന്‍റെ വായ്‌പ പരിധി ഇപ്പോള്‍ കേന്ദ്രം നിശ്ചയിച്ചത്.
കേരളത്തിന്‍റെ പബ്ലിക് അക്കൗണ്ടിലെ തുക സംസ്ഥാനത്തിന്‍റെ കടമായാണ് കേന്ദ്രം കണക്കാക്കുന്നത്. ഓണത്തിനു മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവ ബത്തയും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. ക്ഷേമ പെന്‍ഷന്‍ മാസങ്ങളുടെ കുടിശികയുണ്ട്. അംഗന്‍വാടി, ആശാ വര്‍ക്കര്‍ തുടങ്ങിയവര്‍ക്കുള്ള ഉത്സവബത്ത എന്നിവയും നിശ്ചയിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഉടന്‍ തീരുമാനമുണ്ടാകും. ഇത്തവണ ഓണം സുഭിഷമായിരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതിനിടെ ഓണം പ്രമാണിച്ച് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 62 ലക്ഷം പേര്‍ക്ക് 3200 രൂപ വീതം ലഭിക്കും. ഇതിനായി 1700 കോടി രൂപ അനുവദിച്ചതായും മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ വിതരണം നടന്നുകൊണ്ടിരിക്കുന്ന ഒരു ഗഡുവിനു പുറമേയാണിത്.
കേന്ദ്രം സാമ്പത്തികമായി വരിഞ്ഞു മുറുക്കുകയാണെങ്കിലും അതൊന്നും ഓണത്തെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിഫ്ബി അടക്കമുള്ളവയുടെ വായ്‌പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തോടുള്ള വിവേചനമാണ്. ഇതിലൂടെ 12000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്‌ടപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ വായ്‌പ പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചതു കാരണം 13000 കോടി കേരളത്തിനു വായ്‌പയെടുക്കാനുണ്ടായിരുന്ന അനുമതി കേന്ദ്രം നിഷേധിച്ചു. ഇത് കോടതി അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സെപ്‌തംബര്‍ 10ന് 1500 കോടി രൂപ കടമെടുത്തു കിട്ടുന്നതു കൊണ്ട് എങ്ങനെ എല്ലാം സുഭിഷമാകുമെന്ന കാര്യം ധനമന്ത്രിക്കു മാത്രമേ അറിയൂ. പുതുതായി അനുവദിച്ച രണ്ടു മാസത്തെ പെന്‍ഷന്‍ ബുധനാഴ്‌ച മുതല്‍ ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. അനുവദിച്ച രണ്ടു ഗഡുവില്‍ ഒരെണ്ണം കുടിശികയാണ്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണെന്ന് ധനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. ഇതിനാവശ്യമായ പണത്തിന്‍റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.
62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 6.8 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നതാണ്.
Also Read:പൊന്നോണം പടിവാതില്‍ക്കല്‍; തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി