പത്തനംതിട്ട:ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിയതായി കണക്ക്. നട തുറന്ന് ആദ്യ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ 4,51,097 ലക്ഷം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തിയിരുന്നു. ഇന്നലെ (നവംബര്‍ 22) 87,000-ല്‍ അധികം പേരും ദര്‍ശനം നടത്തിയതായാണ് വിവരം.
ഇതനുസരിച്ച് നടതുറന്ന 15 മുതല്‍ ഇന്നലെ വൈകിട്ട് ആറുമണിവരെ അഞ്ച് ലക്ഷത്തിലധികം പേർ ദർശനം നടത്തിയതായാണ് കണക്ക് സൂചിപ്പിക്കുന്നത്. മണ്ഡലകാല പൂജയ്‌ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനുഭവപ്പെട്ടത്. വ്യാഴാഴ്‌ച 77,026 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. ഇതില്‍ 9254 പേരും സ്പോട്ട് ബുക്കിങ്ങിലൂടെയായിരുന്നു.
ഭിക്ഷാടകരെ ഒഴിപ്പിച്ചു
തീര്‍ഥാടന പാതയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ള സാഹചര്യം നിലനില്‍ക്കേ, ഇത്തരത്തില്‍ കാണുന്നവരെ കണ്ടെത്തി പൊലീസ് ഒഴിവാക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തമിഴ്‌നാട് തേനി സ്വദേശിനികളായ സുബ്ബലക്ഷ്‌മി, വീരമ്മ, സുബുദ്ധ മുത്തുസ്വാമി എന്നിവരെ സന്നിധാനം എസ്എച്ച്‌ഒ അനൂപ് ചന്ദ്രൻ്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ച് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.