കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എന്‍എസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 148-ാ മത് മന്നം ജയന്തി സമ്മേളനത്തിലാണ് വിമർശനം. ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കരുത് എന്ന തീരുമാനത്തെ മുഖ്യമന്ത്രി പിന്തുണയ്‌ക്കരുതായിരുന്നു എന്ന് സുകുമാരൻ നായർ പറഞ്ഞു.
കാലങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റണം എന്ന് പറയാൻ ഇവർ ആരാണെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. വസ്ത്രം അഴിക്കുന്നത് നമ്പൂതിരി ആണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി ആണെന്ന് ചിലർ വ്യാഖ്യാനം ചെയ്‌തു. ഇതെല്ലാം ഹിന്ദുവിന് മേലെ മാത്രം ആണോ എന്നും സുകുമാരന്‍ ചോദിച്ചു.
ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളിലെ വസ്ത്ര ധാരണത്തെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യം ഉണ്ടോ? ഹിന്ദുവിന്‍റെ കാര്യം ഏതെങ്കിലും ഒരു കൂട്ടർ മാത്രമാണോ തീരുമാനിക്കുന്നത്. അവരുടെ ക്ഷേത്രത്തിൽ ഷർട്ട് ഇടുന്നതിനെ എതിർക്കുന്നില്ല.
ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രത്തിന്‍റെയും ആചാരം അനുസരിച്ചു പോകാൻ ഉള്ള സ്വാതന്ത്ര്യം ഹിന്ദുക്കൾക്ക് ഉണ്ട്. പുരോഗമനം വർഷങ്ങൾക്ക് മുൻപ് നടത്തിയ ആളാണ് മന്നം. ഇതിനൊക്കെ ചാതുർവർണ്യം നിരത്തി വെക്കേണ്ട കാര്യമില്ലെന്നും സുകുമാരന്‍ പറഞ്ഞു.
ഉടുപ്പ് ഇടേണ്ട സ്ഥലത്ത് അത് ഇടണം, വേണ്ടതിടത്ത് വേണ്ട. ഹിന്ദുവിന് മാത്രം ചിലത് പാടില്ല എന്ന നിലപാട് രാജ്യത്ത് അംഗീകരിക്കാൻ പാടില്ലായെന്നും ജി സുകുമാരന്‍ നായര്‍ പ്രസംഗത്തിൽ പറഞ്ഞു.
രമേശ് ചെന്നിത്തലയെ മന്നം ജയന്തി സമ്മേളനത്തിന് ക്ഷണിച്ചതിലും സുകുമാരന്‍ വിശദീകരണം നൽകി. നേരത്തെ തീരുമാനിച്ച ഉദ്ഘാടകനേക്കാൾ അർഹനാണ് ചെന്നിത്തല എന്ന് സുകുമാരന്‍ പറഞ്ഞു. എന്ത് പറഞ്ഞാലും ചെയ്യാൻ തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞു.
വിവാദം ആക്കാൻ ചില ദൃശ്യ മാധ്യമങ്ങൾ ശ്രമിച്ചു. നായർ സർവീസ് സൊസൈറ്റിയിൽ ഒരു നായർ വരുന്നതാണ് പ്രശ്‌നം. മറ്റ് സമുദായിക സംഘടനകളിൽ അവരുടെ ആളുകൾ വരുന്നത് ചർച്ച ചെയ്യുന്നില്ല. ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസ് നേതാവായി അല്ല. അദ്ദേഹത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ വേണ്ടിയല്ല വിളിച്ചതെന്നും സുകുമാരന്‍ പറഞ്ഞു.