പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എല്ലാവരും ബഹുമാനിക്കുന്ന, നായർ സമുദായത്തിലെ വ്യക്തിയായതു കൊണ്ടാണ് ചെന്നിത്തലയെ എൻഎസ്‌എസ് ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.
ചെന്നിത്തല മാത്രം മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ആള്‍ എന്ന് താൻ പറഞ്ഞിട്ടില്ല. എന്നാല്‍ രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്. അതുകൊണ്ട് മറ്റുള്ളവർക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ല എന്ന് താൻ പറയില്ല എന്നും സുകുമാരൻ നായർ പറഞ്ഞു. പന്തളത്ത് ഉദ്ഘടന ചടങ്ങിനെത്തിയപ്പോൾ രമേശ് ചെന്നിത്തലയെ എൻഎസ്‌എസ് ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തനിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് എൻഎസ്‌എസ് ആസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. അതില്‍ രാഷ്ട്രീയമില്ല. ആരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്ന ആളല്ല താൻ. തനിക്ക് ബോധ്യം ഉള്ള കാര്യമേ താൻ ചെയ്യുകയുളളൂ. മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ എന്നും തനിക്കും തൻ്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.