ആലപ്പുഴ:മാവേലിക്കരയില്‍ നിന്ന് കുപ്രസിദ്ധ മോഷ്‌ടാവ് പൊലീസ് പിടിയിൽ. നെടുമങ്ങാട് സ്വദേശി നസീം (52) എന്നയാളെയാണ് പൊലീസ് വലയിലാക്കിയത്. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാള്‍. മാവേലിക്കര പുന്നമൂട് ജങ്ഷന് കിഴക്ക് വശം ആളില്ലാത്ത നാലോളം വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് വിദേശ കറൻസികളും, സ്വർണവും, പണവും കടത്തിയ ആളാണ് പൊലീസ് പിടിയിലായത്.
ഓഗസ്റ്റ് 16ാം തീയതി ആയിരുന്നു മാവേലിക്കരയിലെ നാലോളം വീടുകളില്‍ കവര്‍ച്ച നടന്നത്. ഈ കേസ് അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് മോഷണം നടന്ന വീടുകളിലും പരിസരത്തും പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്‌ടാവ് രാത്രി ചങ്ങനാശ്ശേരിയിലെ പായിപ്പാട് എന്ന സ്ഥലത്ത് നിന്നും മാവേലിക്കരയിലെത്തി മോഷണം നടത്തിയതായി മനസിലാക്കി.
പായിപ്പാട്, കുറ്റപ്പുഴ, കവിയൂർ പ്രദേശങ്ങളിൽ പൊലീസ് രഹസ്യാന്വേഷണം നടത്തി. അന്വേഷണത്തില്‍ കവിയൂർ പടിഞ്ഞാറ്റുംശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ലക്കാരൻ റോയി എന്നയാളാണ് മോഷണം നടത്തിയിരിക്കുന്നത് എന്ന വിവരം കിട്ടി. എന്നാൽ ഇയാളുടെ യഥാർഥ പേര് പ്രദേശവാസികൾക്കോ അടുപ്പക്കാർക്കോ അറിയില്ലായിരുന്നു. വളരെ മാന്യനായി തിരുവല്ല കവിയൂർ എന്ന പ്രദേശത്ത് താമസക്കുന്ന ഇയാൾ തന്നെയാണോ മോഷണം നടത്തിയത് എന്ന് ആദ്യം സംശയമുണ്ടായി.
തുടർന്ന് നടത്തിയ സാങ്കേതികരീതിയിലുള്ള അന്വേഷണത്തിലാണ് നിരവധി മോഷണ കേസിൽ പ്രതിയായ റോയി എന്ന് വിളിക്കുന്ന നസീമാണ് ഈ മോഷ്‌ടാവ് എന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാളെ തിരുവല്ലയിൽ നിന്നും പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ നെടുമങ്ങാട് സ്വദേശിയായ ഇയാൾ തുടക്കത്തിൽ റബർ ഷീറ്റ് മോഷണത്തിനാണ് പിടിക്കപ്പെട്ടതെന്ന് മനസിലാക്കി. ജയിൽവാസം കഴിഞ്ഞിറങ്ങിയ ഇയാള്‍ വീണ്ടും മോഷണത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ നെടുമങ്ങാട് വിട്ട് തിരുവല്ലയിൽ എത്തി റബർ ടാപ്പിങ് ജോലി തുടങ്ങി. പിന്നീട് തിരുവല്ല സ്വദേശിനിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം ചങ്ങനാശ്ശേരി പായിപ്പാട് വായ്‌പ്പൂര്‍ എന്ന സ്ഥലത്ത് ജ്വല്ലറി തുടങ്ങി. ബിസിനസിൽ സാമ്പത്തിക ഞെരുക്കം വന്നപ്പോൾ വീണ്ടും മോഷണത്തിനായി ഇറങ്ങി.