കേരളം

kerala

ETV Bharat / state

കുടകിനെ കാക്കുന്ന കൈമടകളും ബോളൂക്കയും; കാരണവന്‍മാരുടെ ഓര്‍മയ്‌ക്കായുള്ള സവിശേഷ ആചാരങ്ങൾ - North Kerala And Kodagu Ritual Arts - NORTH KERALA AND KODAGU RITUAL ARTS

മണ്‍മറഞ്ഞു പോയ കാരണവന്‍മാര്‍ക്കായി തറവാട്ട് വീടുകളായ അയിമനകള്‍ സ്ഥിതിചെയ്യുന്ന പറമ്പില്‍ 'കൈമടകള്‍' നിര്‍മ്മിച്ച് അവരെ കുടിയിരുത്തുന്നു

KAIMADA  കണ്ണൂര്‍  ബോളൂക്ക  കുടക് തെയ്യം
Boluka Theyyam In Kodagu (ETV Bharat)

By ETV Bharat Kerala Team

Published : May 22, 2024, 8:31 PM IST

കുടകിലെ കൈമടകളും ബോളൂക്കയും (ETV Bharat)

കണ്ണൂർ: കാരണവന്‍മാര്‍ക്ക് ഇന്നും കുടുംബത്തില്‍ ഉന്നത സ്ഥാനം നല്‍കുന്നവരാണ് കുടകര്‍. വടക്കേ മലബാറിലെ പോലെ തന്നെ മരുമക്കത്തായ വ്യവസ്ഥിതി ഇന്നും കുടകർക്കിടയിൽ നിലനില്‍ക്കുന്നുണ്ട്. മണ്‍മറഞ്ഞു പോയ തങ്ങളുടെ കാരണവന്‍മാര്‍ക്ക് തറവാട്ട് വീടുകളായ അയിമനകള്‍ സ്ഥിതിചെയ്യുന്ന പറമ്പില്‍ 'കൈമടകള്‍ ' നിര്‍മ്മിച്ച് അവരെ കുടിയിരുത്തുന്നു. കാരണവന്‍മാരുടെ ഓര്‍മയ്‌ക്കായി തിറ നടത്തുന്നതും കുടകിലെ പതിവാണ്.

കൈമടയില്‍ ചെറിയ രൂപങ്ങളുണ്ടാക്കി പൂജിക്കുകയും ജീവിച്ചിരിക്കുമ്പോള്‍ അവർ ഇഷ്‌ടപ്പെട്ടിരുന്ന വിഭവങ്ങള്‍ പാചകം ചെയ്‌ത് വെച്ച് കൊടുക്കുകയും ചെയ്യുന്നു. ആചാരങ്ങളില്‍ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും വടക്കേ മലബാറിലെ രീതിയോട് ഏറെ സാമ്യമുണ്ട് ഈ ആചാരത്തിന്.

കാരണവരുടെ കോലം ധരിച്ച് കെട്ടിയാടുന്നത് കേരളത്തില്‍ നിന്നുളള വണ്ണാന്‍മാരും പഴയകാലത്ത് കേരളത്തില്‍ നിന്നും കുടിയേറിയ വണ്ണാന്‍മാരുമാണ്. കോലം ധരിക്കുന്ന വണ്ണാന്‍ കാരണവരുടെ സ്വാഭാവ സവിശേഷങ്ങള്‍ സ്വായത്തമാക്കിയിരിക്കണം. പരമ്പരാഗതമായി തെയ്യം കെട്ടുന്ന വണ്ണാന്‍മാര്‍ അടുത്ത തലമുറക്ക് ഇതെല്ലാം പകര്‍ന്ന് നല്‍കും. മണ്‍മറഞ്ഞു പോയ കാരണവരെ കാണും വിധം തന്നെയാണ് കുടുംബാംഗങ്ങള്‍ തെയ്യത്തെ ദര്‍ശിക്കുന്നത്. കൈമടകളാണ് കാരണവര്‍ കുടിയിരിക്കുന്ന സ്ഥലം എന്നാണ് സങ്കല്‍പ്പം.

വര്‍ഷത്തിലൊരിക്കലോ മൂന്ന് വര്‍ഷം കൂടുമ്പോഴോ കാരണവത്തിറ കൊണ്ടാടും. പഴയകാല പ്രൗഢിയില്ലെങ്കിലും കൈമടകള്‍ വിശേഷ ദിവസങ്ങളില്‍ വൃത്തിയാക്കി വിളക്ക് കൊളുത്തും. ചില കുടുംബങ്ങള്‍ എല്ലാ ദിവസവും വിളക്കു വെക്കുന്ന പതിവുമുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ചേലാവരയിലെ പട്ടച്ചെറുകണ്ടമനയില്‍ ബോളൂക്കയെന്ന യോദ്ധാവിനെ ഇന്നും ആദരവോടെ കൊണ്ടാടുന്നു. കുടക് രാജന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബോളൂക്ക ടിപ്പു സുല്‍ത്താന്‍റെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന രാജാവിനെ രക്ഷിക്കാന്‍ പെരിയപട്ടണത്തില്‍ എണ്ണ വില്‍പ്പനക്കാരനായി വേഷമിട്ട് രക്ഷാ ദൗത്യം നിര്‍വ്വഹിച്ച ചരിത്ര പുരുഷനായിരുന്നു.

എന്നാല്‍ പിന്നീട് ലിംഗരാജ രണ്ടാമനേയും ബോളൂക്കയേയും പരസ്‌പരം വേര്‍പെടുത്താന്‍ രാജകൊട്ടാരത്തിലെ ചിലര്‍ ഗൂഢാലോചന നടത്തി. അതിന്‍റെ ഫലമായി ബോളൂക്കയുടെ ശിരസ്സറുക്കുകയായിരുന്നു. ബോളൂക്കയുടെ ശിരസ്സ് തെറിച്ചു വീണ സ്ഥലത്താണ് കുടുംബത്തില്‍ കൈമടയുള്ളത്. ആ ധീരനായ രക്ഷകന്‍ ഉപയോഗിച്ച കല്‍തോക്ക് പട്ടച്ചെറുകണ്ടമനയുടെ മുറ്റത്ത് ഇന്നും കാണാം. ഇന്നും വര്‍ഷാവര്‍ഷം തെയ്യാട്ടം നടത്തി ബോളൂക്കയെ ആദരിച്ചു പോകുന്നു.

Also Read : ഉത്തരകേരളവും കുടകും കൊണ്ടാടുന്ന പൂര്‍വികാരാധന; തെയ്യമായി അവതരിക്കുന്ന 'ബോളൂക്ക'യുടെ കഥയറിയാം - Boluka Theyyam In Kodagu

ABOUT THE AUTHOR

...view details