കോഴിക്കോട് : സംസ്ഥാനത്ത് 89,839 പ്രവാസി വോട്ടർമാർ എന്ന് കണക്ക്. ഇതിൽ കൂടുതൽ പേരും കോഴിക്കോട്ടുകാരാണ്. 35,793 പേരാണ് കോഴിക്കോട്ടെ പ്രവാസി വോട്ടർമാർ. തൊട്ടുപിന്നിൽ മലപ്പുറമാണ്, 15,121 വോട്ടർമാരാണ് വിദേശത്തുള്ളത്. കണ്ണൂരിൽ 13,875 പ്രവാസി വോട്ടർമാരാണുള്ളത്.
ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്. ആകെയുള്ള 89,839 പ്രവാസി വോട്ടർമാരിൽ 83,765 പേർ പുരുഷന്മാരും 6,065 പേർ സ്ത്രീകളും ഒമ്പതുപേർ ട്രാൻസ്ജെൻഡേഴ്‌സുമാണ്.
- തിരുവനന്തപുരം - 2194
- കൊല്ലം - 1919
- പത്തനംതിട്ട - 2238
- ആലപ്പുഴ - 1799
- കോട്ടയം - 1525
- ഇടുക്കി - 325
- എറണാകുളം - 2506
- തൃശൂർ - 4018
- പാലക്കാട് - 4457
- മലപ്പുറം - 15,121
- കോഴിക്കോട് - 35,793
- വയനാട് - 779
- കണ്ണൂർ - 13,875
- കാസർകോട് - 3290
ആകെ - 89,839
തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുമ്പോൾ പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിവിധ പ്രവാസി സംഘടനകൾ. ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള, മുസ്‍ലിം ലീഗിന്‍റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ നേതൃത്വത്തിൽ വിമാനങ്ങൾ ചാർട്ടർ ചെയ്‌ത് വോട്ടർമാരെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു.
മുൻ വർഷങ്ങളിലെ പോലെ പ്രത്യേക വിമാനം ഏർപ്പെടുത്തി വോട്ടർമാരെ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. വിവിധ പാർട്ടികളോട് അനുഭാവമുള്ള സംഘടനകളായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, കേളി, നവോദയ, പ്രതിഭ, സംസ്‌കൃതി, നവഭാരത് അടക്കമുള്ളവയും പ്രവാസികളെ എങ്ങനെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
അതിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഗർഫ് നാടുകളിൽ പോയി പ്രവാസികളോട് നേരിട്ട് വോട്ടഭ്യർഥിച്ചു. പല സ്ഥാനാർഥികളും പ്രവാസികളെ നേരിട്ട് വിഡിയോ കോൾ ചെയ്‌ത് നാട്ടിലെത്തി വോട്ട് ചെയ്യാനാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
അതേ സമയം നാട്ടിലെത്താൻ കഴിയാത്ത വോട്ടർമാരുടെ വോട്ട് പലയിടങ്ങളിലും കള്ള വോട്ടായി രേഖപ്പെടുത്തിയതിന്‍റെ കോലാഹലങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉയർന്ന് കേട്ടതാണ്. ഇത് ഒഴിവാക്കാൻ പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.