തിരുവനന്തപുരം: ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികളുടെ വായ്‌പ തിരിച്ചടവില്‍ ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതര്‍. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കിയിട്ടുള്ളത്.
അതേസമയം സൗജന്യ റേഷന്‍, അടക്കമുള്ള പല പദ്ധതികളും ഈ കാലയളവില്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ മാസം പത്ത് മുതല്‍ അടുത്ത മാസം 31 വരെയാണ് ട്രോളിങ് നിരോധനം. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ എംഎല്‍എ ഇകെ വിജയന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി.
യന്ത്രവത്കൃത വള്ളങ്ങളില്‍ മീന്‍ പിടിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ട്രോളിങ് കാലയളവില്‍ തൊഴില്‍ നഷ്‌ടമാകും. അത് കൊണ്ടാണ് സൗജന്യ റേഷന്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് ഈ കാലയളവില്‍ 4500 രൂപ സഹായധനം നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇതില്‍ 1500 രൂപ വീതം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ബാക്കി ഗുണഭോക്താവിന്‍റെ വിഹിതവുമാണ്. അതേസമയം വായ്‌പ തിരിച്ചടവിന് യാതൊരു ഇളവുകളും നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് മാത്രമാണ് നിരോധനമെന്നും പരമ്പരാഗത രീതിയിലുള്ള വള്ളവും വലയും ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിന് നിരോധനമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Also Read:സംസ്ഥാനത്ത് റേഷൻ വിതരണം സ്‌തംഭിക്കും ; നീങ്ങുന്നത് ഗുരുതര പ്രതിസന്ധിയിലേക്ക്