തൃശൂർ :പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളായ ഒമ്പത് പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് നടപടിയെന്ന് ജയിൽ അധികൃതർ.
കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ജി ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ് എന്നിവരും പത്താം പ്രതി ടി രഞ്ജിത്തും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലാണ് കേസിന്‍റെ തുടക്കം മുതൽ കഴിഞ്ഞിരുന്നത്.
പിന്നീട് 15ാം പ്രതി എ സുരേന്ദ്രനെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവരെല്ലാം കുറഞ്ഞത് 14 വർഷം കഠിനതടവ് അനുഭവിക്കണം. കോടതി നിർദേശപ്രകാരവും പ്രതികളുടെ അപേക്ഷ പരിഗണിച്ചുമാണ് വിവിധ ജയിലുകളിൽ പാർപ്പിക്കുന്നത്.