തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ഇറാൻ്റെ സന്നദ്ധത നിർണായകമാകുമെന്ന് നിമിഷ പ്രിയയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രൻ. യെമൻ്റെ തലസ്ഥാനമായ സനാ ഇപ്പോൾ നിയന്ത്രിക്കുന്ന ഹൂതികളും ഇന്ത്യയും തമ്മില്‍ ഉഭയകക്ഷി ബന്ധമില്ലാത്തത് വെല്ലുവിളിയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ചർച്ചകൾ ആരംഭിക്കുന്നതിന് യെമൻ ഗോത്ര നേതാക്കൾ 40,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) മുൻകൂറായി ആവശ്യപ്പെട്ടതായും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
ആദ്യ ഗഡുവായ 20,000 ഡോളർ മാസങ്ങൾക്ക് മുമ്പ് അടച്ചെങ്കിലും അനുകൂല പ്രതികരണം ലഭിക്കാത്തതിനാൽ രണ്ടാം ഗഡു നൽകാൻ വൈകുകയായിരുന്നു. 20,000 ഡോളറിൻ്റെ രണ്ടാമത്തെ പേയ്‌മെൻ്റ് ഡിസംബർ അവസാനത്തോടെ സൗദി അറേബ്യയിലെ ഇന്ത്യൻ നയതന്ത്ര ദൗത്യം വഴി കൈമാറി. ഇതാണ് മധ്യസ്ഥതയ്ക്ക് സഹായകമായത്.
എന്നാൽ, മൂന്ന് ദിവസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരികയായിരുന്നു എന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ദിയാധനമായി നൽകിയ 40,000 ഡോളറിൻ്റെ ഒരു ഭാഗവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് തലാലിൻ്റെ കുടുംബം അവകാശപ്പെടുന്നത് എന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
ഇന്ത്യയ്ക്ക് നിലവിൽ യെമനിൽ എംബസിയില്ല. ദയാഹർജി ലഭിക്കാൻ തലാലിൻ്റെ കുടുംബത്തിന് ദിയാധനം നൽകുക എന്നതാണ് ഏക പോംവഴി. ആവശ്യമായ തുക എത്രയാണെന്ന് തലാലിൻ്റെ കുടുംബമാണ് തീരുമാനിക്കുക എന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ മധ്യസ്ഥത വഹിക്കാൻ കഴിഞ്ഞ ദിവസം ഇറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ വിദേശകാര്യ ഉപമന്ത്രി ഡോ തഖ്‌ത് റവഞ്ചി ഇപ്പോൾ ഇന്ത്യ സന്ദർശനത്തിലാണ്. മാനുഷിക കാരണങ്ങളാൽ തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
നിമിഷ പ്രിയയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് നിലവിൽ യെമനിൽ സജീവമായ ഉദ്യോഗസ്ഥ സംവിധാനമില്ല.
യെമനിലെ ഇന്ത്യൻ എംബസിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. യെമൻ്റെ തലസ്ഥാനമായ സനാ ഇപ്പോൾ ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഹൂതി വിമതരുമായി കാര്യമായ ബന്ധവും ഇന്ത്യക്കില്ല എന്നതാണ് വസ്‌തുത. ഈ സാഹചര്യത്തിൽ ഇറാൻ്റെ ഇടപെടൽ നിമിഷ പ്രിയയുടെ മോചനത്തിന് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷക്ക് യെമൻ പ്രസിഡൻ്റ് റഷാദ് അൽ - അലിമി അനുമതി നല്‍കിയത്. മോചനവുമായി ബന്ധപ്പെട്ട് നിമിഷയുടെ മാതാവ് യെമനില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തെ കണ്ട് മാപ്പ് പറയാനും ദിയാ ധനം നല്‍കി നിമിഷയെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുമായിരുന്നു ശ്രമം.