തിരുവനന്തപുരം:ദൃശ്യങ്ങളെ വെല്ലുന്ന അവതരണ ശൈലിയിലൂടെ ആകാശവാണി ശ്രോതാക്കളുടെ മനസിലിടം നേടിയ വാര്‍ത്ത അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മുടവന്‍മുഗളിലെ വസതിയില്‍ വിശ്രമ ജീവിതം നയിച്ചു വരവെ ഇന്ന് (ഒക്‌ടോബര്‍ 05) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.
സംസ്‌കാരം നാളെ രാവിലെ 11ന് തൈക്കാട് ശന്തി കവാടത്തില്‍ നടക്കും. 'വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍' എന്ന ഇമ്പമുള്ള ഈ വരികള്‍ക്കായി ആകാശവാണി ശ്രോതാക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കാലം സ്വന്തമായി സൃഷ്‌ടിച്ചെടുത്ത പ്രതിഭയായിരുന്നു രാമചന്ദ്രന്‍. ദൃശ്യമാധ്യമങ്ങള്‍ കടന്നുവരുന്നതിനു മുന്‍പുള്ള ആ കാലഘട്ടത്തില്‍ വ്യത്യസ്‌തമായ വാര്‍ത്ത അവതരണ ശൈലിയിലൂടെ വാര്‍ത്തകളുടെ ദൃശ്യഭാവന ശ്രോതാക്കളുടെ മനസില്‍ വരച്ചിടാന്‍ രാമചന്ദ്രന്‍റെ അവതരണത്തിനു കഴിഞ്ഞു.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാമചന്ദ്രന്‍ വാര്‍ത്ത വായിക്കുന്നതു കേള്‍ക്കാതെ മലയാളികള്‍ക്ക് ഒരു ദിവസം കടന്നു പോകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും വയ്യാത്ത കാലമുണ്ടായിരുന്നു. ഗൗരവമായ വാര്‍ത്തകള്‍ക്കിടയില്‍ വാര്‍ത്തകളിലെ കൗതുകം കണ്ടെത്തി ആഴ്‌ചയിലൊരിക്കല്‍ അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കൗതുക വാര്‍ത്തകള്‍ ആ പ്രത്യേക അവതരണ ശൈലികൊണ്ടു മാത്രം ദശലക്ഷക്കണക്കിനു ശ്രോതാക്കളെ അദ്ദേഹത്തിന്‍റെ ആരാധകരാക്കിയിട്ടുണ്ട്. അക്കാലത്ത് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അറിയാനുള്ള ഏക മാര്‍ഗവും ആകാശവാണിയായിരുന്നു.