എറണാകുളം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും എടുത്തു കൊണ്ടുപോയി കോൺഗ്രസ് പ്രതിഷേധിച്ചതിനെതിരെ വിമർശനവുമായി മന്ത്രി പി. രാജീവ് (P Rajeev against Congress protest on Neriamangalam wild elephant attack). പ്രതിഷേധത്തിനായി മൃതദേഹം ആശുപത്രിയിൽ നിന്നും ബലപ്രയോഗത്തിലൂടെ കൊണ്ടുപോയതിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബാംഗങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനായി വിനിയോഗിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. കുടുംബാംഗങ്ങൾ ആശുപത്രിയിൽ നിൽക്കുമ്പോൾ, മൃതശരീരം ഇവർ വലിച്ച് കൊണ്ടുപോയത് തെറ്റായ രീതിയിയാണെന്നും മന്ത്രി പറഞ്ഞു.
പല സ്ഥലങ്ങളിലും വന്യമൃഗ ശല്യം നിലനിൽക്കുന്നുണ്ട്. ഇതിൽ നിയമപരമായ ചില പരിമിതികളുണ്ട്. കേന്ദ്ര നിയമങ്ങളിൽ മാറ്റമുണ്ടാകണമെന്നാണ് സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നത്. വന്യമൃഗശല്യത്തിനെതിരെ ജില്ലയിൽ പ്രശ്‌ന പരിഹാരത്തിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.