ഇടുക്കി : ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമാണ് കേരളത്തിലെ എറണാകുളം – ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സേതുലക്ഷ്‌മി ഭായിയുടെ കാലത്ത് 1924-ലാണ് പാലം നിർമാണം ആരംഭിച്ചത് (Neriamangalam bridge history). 1935 മാർച്ച് 2-നാണ് ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
സുർഖി മിശ്രിതം ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നും തട്ടേക്കാട് – പൂയംകുട്ടി – മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങള്‍ അടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ള വിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല.
1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് നമാവശേഷമായി. പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമിക്കാൻ മഹാറാണി സേതുലക്ഷ്‌മി ഭായി ഉത്തരവിട്ടു.