ആലപ്പുഴ :പുന്നമട കായല്‍ വേദിയാകുന്ന എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ മേളയ്ക്ക് തുടക്കമാകും. ഒമ്പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുക. വള്ളംകളി കാണാൻ നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ജലോത്സവപ്രേമികൾ ഇന്നലെ തന്നെ എത്തിത്തുടങ്ങിയിരുന്നു.
ജവഹർലാൽ നെഹ്‌റുവിന്‍റെ കയ്യൊപ്പോട് കൂടിയ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുക. വള്ളംകളി തുടങ്ങുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലമാമാങ്കത്തിന് തുടക്കമാകും.
വള്ളംകളിയോടനുബന്ധിച്ച് കനത്ത സുരക്ഷ സംവിധാനമാണ് പുന്നമടയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്‌ടറുകളായി തിരിച്ച് ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 17 ഡിവൈഎസ്‌പി, 41 ഇൻസ്പെക്‌ടർ, 355 എസ്ഐ എന്നിവരുൾപ്പടെ 1800 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വൈകിട്ട് നാല് മണി മുതലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ നാല് ഹീറ്റ്സുകളിൽ നാല് വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുക.
ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ പ്രധാന മത്സരങ്ങളിൽ പങ്കെടുക്കും 3 ചുരുളൻ വള്ളങ്ങളും മത്സരിക്കാനുണ്ടാകും. പ്രവേശനം പാസുള്ളവർക്ക് മാത്രമായിരിക്കും.