തിരുവനന്തപുരം :നവകേരള ബസ് ഇനി ഗരുഡ പ്രീമിയം ബസായി നിരത്തിലിറങ്ങും. മെയ് 5 മുതൽ ഗരുഡ പ്രീമിയം കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും. രാവിലെ 4.00 മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ്. ഇന്ന് വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് സർവീസായി പോകും.
അറിയാം നിരക്കും, സ്റ്റോപ്പുകളും :1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ സി ബസുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്‌സും നൽകണം. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബെംഗളൂരു (സാറ്റെലൈറ്റ്, ശാന്തിനഗർ) എന്നിവയാണ് സ്റ്റോപ്പുകൾ.
പ്രത്യേകതകൾ ഇങ്ങനെ:ആധുനിക രീതിയിൽ എയർകണ്ടിഷൻ ചെയ്‌ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളുണ്ട്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ ബസിലുണ്ട്. യാത്രയ്ക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവുമുണ്ട്. യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
Also Read : ആഡംബര കപ്പലിൽ കടലിൽ ചുറ്റിയടിക്കാം, ഒപ്പം ഡിന്നറും ഡിജെ പാർട്ടിയും ; പോരുന്നോ കെഎസ്ആർടിസിയ്‌ക്കൊപ്പം ? - KSRTC NEFERTITI CRUISE SHIP PACKAGE
ബെംഗളൂരുവിൽ എത്തിച്ച് വീണ്ടും മാറ്റങ്ങൾ വരുത്തിയ ബസ് തിരിച്ചെത്തിച്ച് ഒരു മാസത്തോളം പാപ്പനംകോട് സെൻട്രൽ വർക്‌സ് ഡിപ്പോയിൽ വെറുതെ കിടക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബസ് നിരത്തിലിറക്കാൻ അധികൃതർ ദ്രുതഗതിയിൽ നടപടി സ്വീകരിച്ചത്. തലസ്ഥാനത്തുൾപ്പടെ പൊതുജനങ്ങൾക്കായി നവകേരള ബസ് പ്രദർശിപ്പിക്കാനും പിന്നീട് ഇത് വാടകയ്‌ക്ക് നൽകാനുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വിവാഹ ആവശ്യം, വിനോദയാത്ര, തീർഥാടനം തുടങ്ങിയവയ്‌ക്ക് നവകേരള ബസ് വാടകയ്‌ക്ക് നൽകുമെന്നും അറിയിച്ചിരുന്നു. ഈ തീരുമാനം ഉപേക്ഷിച്ചാണ് ഇപ്പോൾ കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്.